കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഏഴ് ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി. അഫ്ഗാനിലെ ബഗ്ലാന്‍ പ്രവിശ്യയില്‍ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. താപനിലയത്തില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരെയാണ് തട്ടിക്കൊണ്ടുപോയത്. ഇവര്‍ക്കൊപ്പം ഒരു അഫ്ഗാന്‍ സ്വദേശിയേയും തട്ടിക്കൊണ്ടുപോയിട്ടുണ്ട്.
അഫ്ഗാന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ‘ദി അഫ്ഗാനിസ്ഥാന്‍ ബ്രെഷ്‌ന ഷേര്‍ക്കത്ത്’ എന്ന താപനിലയത്തിലേക്ക് മിനി ബസില്‍ പോകുമ്പോഴായിരുന്നു സംഭവം നടന്നത്. കമ്പനിയിലെ ജീവനക്കാരായിരുന്നു ഏഴു പേരും. താപനിലയത്തിലെ അറ്റകൂറ്റപ്പണികള്‍ നിര്‍വഹിക്കാന്‍ പോകുകയായിരുന്നു. ബസിനെ വളഞ്ഞ അജ്ഞാതരായ തോക്കുധാരികള്‍ അഫ്ഗാന്‍ സ്വദേശിയായ ഡ്രൈവറെ ഉള്‍പ്പെടെ എല്ലാവരെയും തട്ടിക്കൊണ്ടുപോയി. സംഭവം ഇന്ത്യന്‍ നയതന്ത്രകാര്യാലയം സ്ഥിരീകരിച്ചു. മോചനത്തിനായുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
ഭീകരസംഘടനകളൊന്നും സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. എന്നാല്‍ താലിബാനാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നാണ് കരുതുന്നത്. 2016 ല്‍ ഇന്ത്യക്കാരിയായ സന്നദ്ധപ്രവര്‍ത്തകയെ താലിബാന്‍ ഭീകരര്‍ ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോയിരുന്നു. നാല്‍പത് ദിവസങ്ങള്‍ക്കു ശേഷം ഇവരെ വിട്ടയച്ചിരുന്നു.
Discussion about this post