കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചവരെയ്ക്കും 32 ശതമാനമാണ് പോളിങ്.
ഉത്തര ബംഗാളിലെ ഡാര്‍ജിലിങ്, ജല്‍പായ്ഗുഡി, കുച്ബിഹാര്‍, നോര്‍ത്ത് ദിന്‍ജാപുര്‍, സൗത്ത് ദിന്‍ജാപുര്‍, മാള്‍ഡ ജില്ലകളിലെ 54 മണ്ഡലങ്ങളിലാണ് ഒന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.
മൂന്നു പതിറ്റാണ്ടായി പശ്ചിമ ബംഗാള്‍ ഭരിക്കുന്ന ഇടത് മുന്നണിക്ക് അതിനുശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിലും കനത്ത തിരിച്ചടിയാണ് നേരിട്ടത്. മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് സഖ്യം ഇടതുമുന്നണിയെ പുറന്തള്ളി സംസ്ഥാന ഭരണം പിടിച്ചെടുക്കുമെന്ന കണക്കുകൂട്ടലുകള്‍ക്ക് അടിസ്ഥാനവും അതുതന്നെ. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെയും പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെയും സാഹചര്യമല്ല ഇപ്പോഴെന്നും ഭരണം നിലനിര്‍ത്തുമെന്നും ഇടതുമുന്നണി അവകാശപ്പെടുന്നു.
പത്തുമന്ത്രിമാരും 102 സ്വതന്ത്രരുമുള്‍പ്പെടെ 364 സ്ഥാനാര്‍ഥികളാണ് ഒന്നാംഘട്ടത്തില്‍ ജനവിധി തേടുന്നത്. സംസ്ഥാനത്തെ 294 നിയമസഭാ മണ്ഡലങ്ങളില്‍ ആറു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 23 (50 മണ്ഡലങ്ങള്‍), ഏപ്രില്‍ 27 (75), മെയ് 3 (63), മെയ് 7 (38), മെയ് 10 (14) എന്നീ തീയതികളിലാണ് അടുത്ത ഘട്ടം വോട്ടെടുപ്പുകള്‍. മെയ് 13നാണ് വോട്ടെണ്ണല്‍.
Discussion about this post