ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ ആറാം നമ്പര്‍ കോടതിയില്‍ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ചീഫ് ജസ്റ്റീസിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട നോട്ടീസ് ഉപരാഷ്ട്രപതി തള്ളിയതിനെതിരേ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. കോണ്‍ഗ്രസ് എംപിമാരായ പ്രതാപ് സിംഗ് ബാജ്വ, ആമീ ഹര്‍ഷാദ്രേയ് എന്നിവരായിരുന്നു ഹര്‍ജിക്കാര്‍. തിങ്കളാഴ്ച ജസ്റ്റീസ് ജെ. ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചിനു മുന്നില്‍ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് വിഷയം ഉന്നയിച്ചത്. കേസ് പരിഗണിക്കുന്ന കാര്യം ഇന്ന് അറിയിക്കാമെന്ന് ജസ്റ്റീസ് ചെലമേശ്വര്‍ അറിയിച്ചിരുന്നു.
എന്നാല്‍, തിങ്കളാഴ്ച രാത്രി ഈ ഹര്‍ജി അഞ്ചംഗ ഭരണഘടന ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീംകോടതി രജിസ്ട്രി അറിയിച്ചിരുന്നു. ഹര്‍ജിയില്‍ ഉന്നയിച്ച വിഷയങ്ങളിലേക്കു കടക്കും മുന്‍പേ ഹര്‍ജി എങ്ങനെ ഭരണഘടന ബെഞ്ചിനു മുന്നിലെത്തി എന്ന ചോദ്യത്തെ തുടര്‍ന്നാണ് പിന്‍വലിച്ചത്. ജസ്റ്റീസുമാരായ എസ്.എ ബോബ്ഡേ, എ.കെ. സിക്രി, എന്‍.വി. രമണ, അരുണ്‍ മിശ്ര, എ.കെ. ഗോയല്‍ എന്നിവര്‍ ഉള്‍പ്പെട്ട ഭരണഘടന ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനായി രൂപീകരിച്ചിരുന്നത്.
കേസ് ഇന്നു രാവിലെ പത്തിന് സുപ്രീംകോടതിയിലെ ആറാം നമ്പര്‍ കോടതിയില്‍ പരിഗണനയ്ക്കെടുത്തപ്പോള്‍ ഇതിനായി ഭരണഘടന ബെഞ്ച് രൂപീകരിച്ചിട്ടുണ്ടോ എന്ന് കപില്‍ സിബല്‍ ചോദ്യമുന്നയിച്ചു. കേസ് എങ്ങനെയാണ് നേരെ ഭരണഘടന ബെഞ്ചിലേക്കെത്തിയത്. ഭരണഘടന ബെഞ്ച് രൂപീകരിക്കുന്നത് സംബന്ധിച്ചു ചീഫ് ജസ്റ്റീസിന്റെ ഉത്തരവുണ്ടോ? ഉണ്ടെങ്കില്‍, ആ ഉത്തരവ് കാണണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു.
എന്നാല്‍, കോടതി ഇതിനു തയാറായില്ല. ഉത്തരവില്ലെങ്കില്‍ ഹരര്‍ജിയുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്ന് കപില്‍ സിബല്‍ വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാന്‍ അനുദിക്കണമെന്ന് അദ്ദേഹം ആവശെപ്പെട്ടു. അങ്ങനെ ഹര്‍ജി പിന്‍വലിക്കുകയും ചെയ്തു.
Discussion about this post