ഓം
സദ്‌ഗുരവേ നമഃ
കാമക്രുധാദ്യഖിലദോഷമപാസ്യ രാമ-
നാമാക്ഷരാമൃതകണൈര്‍ഹൃദയം നിഷിഞ്ചന്‍
യഃ സാധ്വനുഗ്രഹപഥേന ദിവം വിവേശ
തം നീലകണ്‌ഠഗുരുപാദമനുസ്‌മരാമി.
കുജന്തം രാമരാമേതി മധുരം മധുരാക്ഷരം
ആരുഹ്യ കവിതാശാഖാം വന്ദേ വാല്‌മീകികോകിലം
വ്യാസായ വിഷ്‌ണുരൂപായ വ്യാസരൂപായ വിഷ്‌ണവേ
നമോ വൈ ബ്രഹ്മനിധയേ വാസിഷ്‌ഠായ നമോ നമഃ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്‌ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
ഓം ശ്രീരാം ജയരാം ജയ ജയ രാം
ആദ്യകാവ്യമായ രാമായണത്തിന് ജനഹൃദയങ്ങളില്‍ വേരൂന്നാന്‍ കഴിഞ്ഞ ഒരു മുഖവുരയുണ്ട്. അത് രാമചരിതത്തേയും രാമനാമത്തേയും ആസ്‌പദിച്ചുണ്ടായതാണ്. സര്‍വാസേചകമായ മനുഷ്യധര്‍മത്തിന്റെ പ്രഖ്യാപിതസിദ്ധാന്തമായി ഇന്നും ആ മഹദ്‌ഗ്രന്ഥം നിലകൊള്ളുന്നു. വ്യക്തിജീവിതത്തില്‍ തുടങ്ങി പ്രപഞ്ചത്തിന്റെ കാരണസ്വരൂപം വരെ വളര്‍ന്നെത്തുന്ന ഒരു സമഗ്രപഠനം മനുഷ്യന് കാഴ്‌ചവെച്ചത് രാമായണമാകുന്നു. ആ ഇതിഹാസത്തെ ആസ്‌പദിച്ച് ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ ഇതരഭാഷകളിലുണ്ടായിട്ടുണ്ട്. ആദികവിയായ വാല്‌മീകിയെത്തന്നെ രാമായണത്തില്‍ കഥാപാത്രമാക്കിക്കൊണ്ട് ഗ്രന്ഥരചന നടത്തിയിരിക്കുന്നു.
രാമന്റെ ജന്മകാലം ത്രേതായുഗത്തിലാണെന്നു പറയാന്‍ “ശാസ്‌ത്രവികാരം” അനുവദിക്കാത്ത ധാരാളം പേര്‍ ഇന്നുമുണ്ട്. “ശാസ്‌ത്രഗര്‍ത്തങ്ങള്‍” എന്ന് വ്യാസമഹാമുനിയുടെ മഹാഗ്രന്ഥമായ അധ്യാത്മരാമായണത്തില്‍ പ്രതിപാദിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്. കാലപരിഗണനയ്‌ക്ക് വിധേയമായി ചിന്തിക്കുമ്പോള്‍ വേദേതിഹാസങ്ങളിലും പുരാണങ്ങളിലും പ്രകീര്‍ത്തിക്കപ്പെട്ടിരിക്കുന്ന രാമചരിതം അഭിജ്ഞരെന്നു കരുതുന്ന ശാസ്‌ത്രജ്ഞന്മാരുടെ മസ്‌തിഷ്‌ക്കത്തിലെ ഇരുളടഞ്ഞ കോണുകളില്‍ ചെന്നെത്താത്തത് രാമചരിതമഹിമയുടെ കോട്ടമായി കരുതേണ്ടതില്ല. ഗ്രന്ഥത്തിന്റെ കാലപരിഗണന വാല്‌മീകിയിലും നാരദനിലും ബ്രഹ്മാവിലും ബന്ധപ്പെട്ടാണ് നിലകൊള്ളുന്നത്. ചിന്തയ്‌ക്ക് വെളിച്ചം തികയാത്തതുകൊണ്ട് രാമായണത്തിന്റെ കാലപരിഗണനയെപ്പറ്റി ഇരുള്‍മൂടിയ പല അഭിപ്രായങ്ങള്‍ ഉണ്ടാകാതിരുന്നിട്ടില്ല. 3000, 4000, 5000 എന്നിങ്ങനെ രാമായണത്തിന്റെ പേരില്‍ അനുവദിച്ചിരിക്കുന്ന ചില ശാസ്‌ത്രപണ്ഡിതന്മാരുടെ സംവത്സരസങ്കല്‌പങ്ങളില്‍നിന്ന് ഇരുട്ടുമാറ്റാനുള്ള പല ശാസ്‌ത്രനിഗമനങ്ങളും ഈയടുത്തകാലത്ത് ലഭിച്ചിട്ടുണ്ടല്ലോ. സനാതനധര്‍മസിദ്ധാന്തത്തിന് പഴക്കം കൂടിപ്പോയി എന്ന് സങ്കടപ്പെടുന്നവര്‍ക്ക് പുതുക്കെഴുത്തായിട്ടാണ് ഈ രേഖകള്‍ പുറത്തു വന്നിട്ടുള്ളത്.
(Space images taken by NASA reveal a mysterious ancient bridge in the Palk strait between India and SriLanka. The recently discovered bridge currently named as Adam�s Bridge made of chain of shols, c.18mi (30km) long.
The bridge’s unique curvature and composition by age reveals that it is man made. The legends as well as Archeological studies reveal that the first signs of human inhabitants in Lanka date back to the a primitve age, about 1,750,000 years ago and the bridge’s age also almost equivalent.
This information is a crucial aspects for an insight into the mysterious legend called Ramayana which was supposed to have taken place in thretha yuga (more than 1,700,000 years ago).
In this epic, there is a mentioning about a bridge which was built between Rameshwar (India) and SriLankan coast under the supervision of a dynamic and invincible figure can Rama who is supposed to be the incarnation of the supreme.
Information may not be of much importance to the archeologists who are interested? exploring the origins of man, but it is sure to open the spiritual gates of the people of world to have come to know an ancient history linked to the Indian
mythology.
ഭാരതത്തിനും ശ്രീലങ്കയ്‌ക്കും ഇടയ്‌ക്കുള്ള കടലിടുക്കില്‍ ഒരു നിഗൂഢമായ പുരാതനപാലം നാസയെടുത്ത ശൂന്യാകാശചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. ആഡംസ് ബ്രിഡ്‌ജ് എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഇപ്പോള്‍ കണ്ടുപിടിച്ച ഈ പാലം സാധാരണ പാറക്കല്ലുകളുടെ ഒരു ശൃംഖലകൊണ്ടാണ് പണിതീര്‍ത്തിരിക്കുന്നത്. ഇതിന് 30 കിലോമീറ്റര്‍ നീളമുണ്ട്.
ഈ പാലത്തിന്റെ അത്യപൂര്‍വ വളവുകളും കയറ്റിറക്കങ്ങളും ഇത് മനുഷ്യനിര്‍മ്മിതമാണെന്ന് വെളിപ്പെടുത്തുന്നു. ഐതിഹ്യങ്ങളും പുരാവസ്‌തുഗവേഷണ പഠനങ്ങളും ശ്രീലങ്കയിലെ ആദ്യത്തെ മനുഷ്യവാസത്തിന്റെ തെളിവുകള്‍ അതിപുരാതനകാലങ്ങളിലേക്ക് നീളുന്നുവെന്നും അത് ഏകദേശം 1,750,000 വര്‍ഷങ്ങള്‍ക്ക് മുമ്പുവരെയുണ്ടെന്നും, ഈ പാലത്തിന്റെ പഴക്കവും അത്രത്തോളം തന്നെയുണ്ടെന്ന് വെളിപ്പെടുത്തുന്നു.
ത്രേതായുഗത്തില്‍ (1,700,000ത്തിലധികം വര്‍ഷങ്ങള്‍ക്കുമുമ്പ്) നടന്നതായി കരുതപ്പെടുന്ന രാമായണം എന്ന അത്ഭുതകരമായ ഐതിഹ്യത്തിലേക്ക് ഉള്‍ക്കാഴ്‌ച്ച ലഭിക്കുന്നതിന് തക്കതായ ഒരു തെളിവാണ് ഇത്.
ഈശ്വരാവതാരമായ രാമന്‍ എന്ന അജയ്യനും ധീരനുമായ വ്യക്തിയുടെ മേല്‌നോട്ടത്തില്‍ ഭാരതത്തിലെ രാമേശ്വരത്തേയും ശ്രീലങ്കയേയും യോജിപ്പിച്ച് നിര്‍മിച്ചിട്ടുള്ള ഒരു പാലത്തിനെപ്പറ്റി ഈ ഇതിഹാസത്തില്‍ പരാമര്‍ശമുണ്ട്.
പുരാവസ്‌തു ഗവേഷകര്‍ക്ക് ഈ അറിവുകൊണ്ട് വലിയ പ്രയോജനമില്ലായിരിക്കാം അവര്‍ മനുഷ്യന്റെ ഉത്ഭവം കണ്ടുപിടിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ ഈ ഭാരതീയ പുരാണവുമായി ബന്ധപ്പെട്ട് ഒരു പുരാതന ചരിത്രം ഉണ്ടെന്നറിയുന്ന ലോകജനതയുടെ ആധ്യാത്മിക കവാടം തുറക്കുവാന്‍ ഈ അറിവ് ഉതകുമെന്നത് നിസ്‌തര്‍ക്കമായ ഒരു വസ്‌തുത തന്നെയാണ്.)
തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ ജീവിതകാലഘട്ടത്തെപ്പറ്റി പല പണ്ഡിതന്മാര്‍ക്കും വ്യത്യസ്‌ത അഭിപ്രായങ്ങളാണുള്ളത്. രാമായണമഹാഗ്രന്ഥത്തിന്റെ ഉല്‌പത്തിയെപ്പറ്റിയും ഇത്തരത്തിലുള്ള അഭിപ്രായങ്ങളുണ്ട്. സൂര്യവംശത്തിലുദിച്ചുയര്‍ന്ന തേജോഗോളമായി ഇന്നും ആരാധിക്കപ്പെടുന്ന രാമചരിതത്തെപ്പറ്റിയുള്ള അഭിപ്രായങ്ങളുടെ അനുധാവനം കുറച്ചൊന്നുമല്ല. ഗതാനുഗതികത്വം അഭിപ്രായങ്ങളില്‍ ഒരു കുറ്റമായി കണക്കാക്കാറില്ലെങ്കിലും ആവര്‍ത്തനവിരസത ഒഴിവാക്കാവുന്നതേയുള്ളൂ.
“ഗതാനുഗതികോ ലോക
ന ലോകഃ പാരമാര്‍ത്ഥികഃ” (പഞ്ചതന്ത്രം) എന്ന അഭിപ്രായം പലപ്പോഴും താര്‍ക്കികന്മാരുടെ വാദഗതികള്‍ ഒഴിവാക്കുവാന്‍ പ്രയോജനപ്പെടുന്നുണ്ട്. സൂര്യന്‍ ഉദിക്കുകയും പ്രകാശം നല്‌കുകയും ചെയ്യുന്ന കാര്യത്തില്‍ വ്യത്യസ്‌ത അഭിപ്രായങ്ങള്‍ക്കു സ്ഥാനമില്ലാത്തതുപോലെ ആദികാവ്യമായ രാമായണവും വാല്‌മീകിയും കാലപരിഗണനയെ സംബന്ധിച്ച തര്‍ക്കകോടിശങ്ങളാല്‍ മര്‍ദിക്കപ്പെടാതിരിക്കട്ടെ. അത്തരമൊരു വ്യായാമം കൊണ്ട് സമയം വ്യര്‍ഥമാക്കുന്നതില്‍ അര്‍ഥമില്ല. അഭിപ്രായങ്ങള്‍ പലതായിത്തന്നെ നിലനില്‌ക്കട്ടെ.
എന്നാല്‍ യുഗപുരുഷന്മാരായി ഭരതര്‍ഷഭന്മാര്‍പോലും പ്രകീര്‍ത്തിക്കുന്ന അവതാരമഹിമയും അവതാരങ്ങളും ഭാരതഗ്രന്ഥങ്ങളിലെ കാലപരിഗണനയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. കൃഷ്‌ണപരമാത്മാവ് ദ്വാപരയുഗത്തിലും ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ ത്രേതായുഗത്തിലും ജനിച്ചതായി കാണുന്ന ഗ്രന്ഥങ്ങളിലെ തെളിവുകള്‍ അത്ര ലഘുവായി തള്ളിക്കളയാവുന്നതല്ലല്ലോ. മനുഷ്യോല്‌പത്തിയെ കണ്ടറിയുവാനുള്ള അന്വേഷണങ്ങളും നിഗമനങ്ങളും പ്രസ്‌തുത ഗ്രന്ഥങ്ങളിലെ കാലപരിഗണനയെ സമര്‍ത്ഥിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. മേല്‌പ്രസ്‌താവിച്ച നാസയുടെ ഗവേഷണഫലങ്ങള്‍ യുഗസങ്കല്‌പത്തോടു ബന്ധപ്പെട്ട രാമനെ അംഗീകരിക്കുന്നുണ്ടല്ലോ. (ഉദാ:- 17,50,000- വര്‍ഷങ്ങള്‍ക്കുപരി പഴക്കമുള്ള സമുദ്രാന്തര്‍ഗതമായ മനുഷ്യനിര്‍മിതപാലം).
കാലാതീതമായ തത്ത്വങ്ങളെ കാലപരിഗണനയിലൂടെ അവതരിപ്പിക്കുന്ന പ്രത്യേകത ഭാരതത്തിലെ ഋഷിപരമ്പര അംഗീകരിച്ചിട്ടുള്ളതാണ്. പിണ്ഡാണ്ഡ – ബ്രഹ്മാണ്ഡസങ്കല്‌പങ്ങളെയും അവയുടെ ഏകത്വത്തേയും പ്രഖ്യാപിക്കുന്ന ചര്‍ച്ച ശാസ്‌ത്രധിഷണക്ക് എളുപ്പം നിരാകരിക്കാവുന്നതല്ല. ഇത്തരം വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതിനുപകരം രാമായണമാഹാത്മ്യത്തെപ്പറ്റിയും ആ മഹാഗ്രന്ഥം പ്രചരിപ്പിക്കുന്ന തത്ത്വങ്ങളെപ്പറ്റിയും ജീവിതവീക്ഷണങ്ങളെ സംബന്ധിച്ചും നമുക്ക് ലഭിക്കുന്ന വിപ്ലവാത്മകമായ നിര്‍ദേശങ്ങളെ ഉള്‍ക്കൊള്ളുന്നതാണല്ലോ അഭികാമ്യമായുള്ളത്. രാമായണം നിര്‍ദേശിക്കുന്ന ഉത്തമപുരുഷദര്‍ശനം സങ്കല്‌പ്പത്തില്‍പോലും അംഗീകരിക്കാന്‍ കഴിയാത്ത നിരൂപകന്റെ അധരവ്യായാമം നിഷ്‌ഫലമല്ലേ!. സാധാരണജീവിതം മുതല്‍ സമ്പൂര്‍ണ മനുഷ്യത്വം വരെയുള്ള രാമായണദര്‍ശനം ഇന്നും മനുഷ്യന് വഴികാട്ടിയായി നിലകൊള്ളുന്നു. ഈ മഹാഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യാത്ത വിഷയങ്ങളില്ല. സാധാരണനിലയില്‍ കണ്ടെത്താനാകാത്ത പ്രപഞ്ചപഠനസിദ്ധാന്തം കാലപരിഗണനയിലൂടെയും അതിനുപയോഗിച്ചിരിക്കുന്ന ദേവതാസംജ്ഞകളിലൂടെയും ചര്‍ച്ചചെയ്‌തിട്ടുണ്ട്. പ്രപഞ്ചോല്‌പത്തിക്കു നിദാനമായ ബിന്ദുസങ്കല്‌പം തൊട്ടുതുടങ്ങി അനേകം സൂക്ഷ്‌മതലങ്ങളിലൂടെ പരിണാമം പ്രാപിച്ച് സ്ഥൂലലോകമായി പ്രത്യക്ഷപ്പെടുന്നതുവരെയുള്ള ചര്‍ച്ച അതിഗഹനമായ ശാസ്‌ത്രവും യുക്തിസഹജമായ തത്ത്വചിന്തയുമാണ്. പ്രസ്‌തുത വര്‍ണനകളില്‍ ഉപയോഗിച്ചിട്ടുള്ള ഒരു സംജ്ഞപോലും ലോകപഠനത്തിന് പ്രയോജനപ്പെടാത്തതോ ജീവാത്മസങ്കല്‌പത്തെ സാധൂകരിക്കാത്തതോ അല്ല. രാമായണത്തിലെ ഏഴു ലോകങ്ങള്‍ കര്‍മത്തിന്റെ വിവിധ ഘട്ടങ്ങളോടുകൂടിയ ജീവസംസ്‌കാരത്തെയാണ് കാണിക്കുന്നത്. മനുഷ്യനെയും ദേവനെയും കുറിക്കുന്ന അന്തരങ്ങള്‍ പോലും ഒരു സമദര്‍ശിയുടെ ഭാവനയില്‍ പ്രപഞ്ചഘടനയുടെ ചര്‍ച്ചക്ക് ഉപയോഗിച്ചിട്ടുണ്ട്.
സംജ്ഞാഭേദങ്ങളോടു കൂടിയ ഈ കല്‌പനാവൈഭവം അതീവസമര്‍ഥവും സുന്ദരവുമായ രീതിയില്‍ കാവ്യഭാവന കാഴ്‌ചവെച്ചുകൊണ്ടാണ് പ്രപഞ്ചശാസ്‌ത്രമായും ആത്മപഠനമായും നിലകൊള്ളുന്നത്. ആത്മപഠനത്തിലൂടെ തന്റെ നിലയും പ്രപഞ്ചത്തിന്റെ നിലയും വ്യക്തമാക്കുന്ന കാലപരിഗണന അത്യത്ഭുതകരവും ഭാവനാസമ്പുഷ്‌ടവും പദലളിതലുളിതവുമായ ആര്‍ഷഭാവനയുടെ കമനീയപഞ്‌ജരമത്രേ. ദ്വ്യണുകം, ത്ര്യണുകം എന്നിങ്ങനെയുള്ള മാത്രകളില്‍ തുടങ്ങി സംവത്സരങ്ങളും താണ്ടി ദേവവര്‍ഷങ്ങളിലെത്തി യുഗങ്ങളും മന്വന്തരങ്ങളും കടന്ന് ഒരു വൃദ്ധികല്‌പത്തിലെത്തുമ്പോള്‍ ഉണ്ടാകുന്ന മനുഷ്യവര്‍ഷങ്ങള്‍ കണക്കിലെടുത്ത് അതിനെ ഒരു പുരുഷായുസുകൊണ്ടു ഭാഗിച്ചാല്‍ കിട്ടുന്ന സമയം മനുഷ്യജീവിതം എത്ര ആവര്‍ത്തിച്ചുവെന്നുള്ളതിനെ കാണിക്കുന്നു. ഇങ്ങനെ പുറകോട്ടും മുമ്പോട്ടും ചിന്തിക്കുമ്പോള്‍ പ്രപഞ്ചത്തിന്റെ ആവര്‍ത്തനവിവര്‍ത്തങ്ങള്‍ എത്രകണ്ട് സംഭവിച്ചുവെന്നത് ശാസ്‌ത്രത്തിന് ചിന്താധാര പകരുന്നു. ശിവന്‍, വിഷ്‌ണു, ബ്രഹ്മാവ്, മനു, ദേവന്മാര്‍ തുടങ്ങിയ സങ്കല്‌പങ്ങളെല്ലാം പ്രപഞ്ചഘടനയിലെ ആവര്‍ത്തനങ്ങളെ കുറിക്കുന്ന വിവിധ ഘട്ടങ്ങളാണെന്നു മനസ്സിലാക്കുവാന്‍ കഴിയും. അങ്ങനെ ഭാരതത്തിലെ കാലപരിഗണന സൃഷ്‌ടിയുടെ തുടക്കം മുതലുള്ള സൂക്ഷ്‌മ ചലനങ്ങളെ രേഖപ്പെടുത്തിയും കണക്കുകൂട്ടിയുമുള്ള ഒരു പരിണാമസിദ്ധാന്തത്തിന് രൂപം കൊടുക്കുന്നു.
രാമാവതാരം ത്രേതായുഗത്തിലെന്നു പറയുമ്പോള്‍ വാല്‌മീകി ആ രാമന് സമകാലികനായിരുന്നുവെന്നും രേഖകള്‍ കാണുന്നുണ്ടല്ലോ. ഇപ്രകാരമുള്ള ഒരു ദര്‍ശനത്തെ നിരാകരിക്കാതെ രാമായണസങ്കല്‌പത്തിലേക്കു കടക്കാം.
അനന്തമഹിമാവാര്‍ന്ന ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ മഹിമാവിശേഷങ്ങളെ പ്രകീര്‍ത്തിക്കുന്ന ഉത്തമഗ്രന്ഥമാണ് അധ്യാത്മരാമായണം. വ്യാസമഹാമുനിയുടെ അധ്യാത്മരാമായണം മൂലഗ്രന്ഥത്തെ ആശ്രയിച്ചും അതിശയിച്ചുമുള്ള മലയാളതര്‍ജമയാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ട്. പല ഭാഗങ്ങളിലും എഴുത്തച്ഛന്റെ സര്‍ഗാത്മകപാടവം സ്വതന്ത്രമായി പ്രകാശിച്ചു കാണുന്നു. രാമായണം എന്ന വാക്കിനു വ്യാപകമായ അര്‍ഥമാണുള്ളത്. അയനം എന്ന വാക്കിനു നാനാര്‍ഥങ്ങളുണ്ട്. “അയ ഗതൗ” എന്ന പ്രമാണമനുസരിച്ച് ഗതി, സഞ്ചാരം എന്നിങ്ങനെ അയനശബ്‌ദത്തിനര്‍ഥം കാണുന്നു. പ്രവേശനദ്വാരം, വ്യാഖ്യാനം, പ്രാപ്യസ്ഥാനം എന്നി പ്രകാരം മറ്റര്‍ഥങ്ങളും രാമായണത്തിന്റെ സ്വഭാവത്തോടു യോജിക്കുന്നവയാണ്. രാമന്‍ എന്ന കേന്ദ്രസങ്കല്‌പത്തെ ആസ്‌പദമാക്കി മനുഷ്യജീവിതത്തിന്റെ മാര്‍ഗവും ലക്ഷ്യവും കൂട്ടിയിണക്കുന്ന മഹത്തായ സേവനം രാമായണം കാഴ്‌ചവയ്‌ക്കുന്നു. പ്രപഞ്ചഘടനയും വ്യക്തിജീവിതവും തമ്മിലുള്ള അനിഷേധ്യമായ ബന്ധം രാമായണം പ്രഖ്യാപിക്കുന്നു. അലയുന്നജീവിതത്തിന് നിയന്ത്രണവും നിര്‍ദേശവും നല്‌കി പ്രാപ്യസ്ഥാനം ഇന്നതാണെന്നു കാട്ടുവാന്‍ രാമായണത്തിനു കഴിഞ്ഞിട്ടുണ്ട്. അശരണര്‍ക്ക് അഭയം നല്‌കുവാനും ധര്‍മിഷ്‌ഠന്മാര്‍ക്ക് കര്‍മമാര്‍ഗം ഉപദേശിക്കുവാനും രാമായണം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ജ്ഞാനം, യോഗം, ഭക്തി എന്നീ മാര്‍ഗങ്ങളെ സമഞ്‌ജസമായി രാമായണത്തില്‍ സമ്മേളിപ്പിച്ചിരിക്കുന്നു. അധ്യാത്മജീവികള്‍ക്കു രാമന്റെ അയനം പ്രവേശനകവാടവും പ്രാപ്യസ്ഥാനവുമാണ്. രാമായണം അംഗീകരിച്ചിട്ടുള്ള മാര്‍ഗങ്ങള്‍ സ്വതന്ത്രവും സമ്പൂര്‍ണവുമാണ്. ഒന്നിന്റെ പ്രാധാന്യം മറ്റൊന്നിനെ നിഷ്‌പ്രഭമാക്കിയല്ല വളര്‍ത്തിയിട്ടുള്ളത്. വൈവിധ്യങ്ങളെ ഏകീകരിക്കുന്നതില്‍ രാമായണം മികച്ച സംഭാവന നല്‌കുന്നു. രാമന്റെ അയനം വേദസമ്മതമാണെങ്കിലും `ബോധഹീനന്മാര്‍ക്ക് അറിയാംവണ്ണ’മാണ് അവതരിപ്പിക്കുന്നത്. വേദം, വേദാംഗം, വേദാന്തം തുടങ്ങി വിവിധ തരത്തിലുള്ള ജ്ഞാനശാഖകള്‍ രാമായണമഹാവൃക്ഷത്തിന്റെ താരും തളിരുമാണ്. അധ്യാത്മരാമായണം `അധ്യാത്മപ്രദീപകവും അത്യന്തം രഹസ്യവു’മാണെന്ന് ഗ്രന്ഥത്തില്‍ത്തന്നെ പ്രസ്‌താവമുണ്ട്. അനഭിജ്ഞന്മാര്‍ക്കും അശരണര്‍ക്കും രാമായണത്തിലെ ഭക്തിഭാവം സംസാരസാഗരതരണത്തിനു സഹായകമാണ്. നീചനും ധനഹാരിയുമായ കാട്ടാളനെ (രത്‌നാകരനെ) വന്ദ്യനും ജ്ഞാനിയുമായ മഹാമുനിയാക്കിയത് രാമായണമാണ്. ലോകനിന്ദിതനും ബ്രഹ്മഹന്താവിനും ധര്‍മമാര്‍ഗം ഉപദേശിക്കുവാന്‍ രാമായണം മഹാമനസ്‌കത കാട്ടുന്നു. സഹായിക്കുവാനും സഹകരിപ്പിക്കുവാനുമുള്ള രാമായണനിര്‍ദേശം ധര്‍മമാര്‍ഗത്തിലേക്കുള്ള ആഹ്വാനമാണ്. നിന്ദ്യനെപ്പോലും നിരാകരിക്കുവാനല്ല നിഷ്‌കളസേവനം കൊണ്ട് ഉദ്ധരിക്കുവാനാണ് രാമായണം ഉപദേശിക്കുന്നത്. ദാനവനെ വാനവനാക്കിയും അശരണനായ മാനവനെ മഹാമനീഷിയാക്കിയും രാമായണം കര്‍ത്തവ്യം നിര്‍വഹിക്കുന്നു. യാതനകളില്‍ ധര്‍മബോധം നഷ്‌ടപ്പെടുന്ന മനുഷ്യത്വത്തോടു രാമായണസങ്കല്‌പം പൊരുത്തപ്പെടുന്നില്ല.
നാനാത്വത്തിലധിഷ്‌ഠിതമായ ഏകത്വമാണ് രാമായണത്തിലെ ദര്‍ശനം. അയോധ്യാരാമനും ആത്മാരാമനും രണ്ടല്ലെന്നു സിദ്ധാന്തിക്കുന്നതിലൂടെ പ്രകൃതിസ്വരൂപവും ആത്മസ്വരൂപവും ഒന്നാണെന്നു സമര്‍ഥിക്കുന്നു. ഭക്തനും ഭക്തദാസനും ഒന്നാണെന്നു കാണുവാനുള്ള സമദര്‍ശിത്വം രാമായണത്തിനുണ്ട്. ചണ്ഡാലിക്കും ബ്രാഹ്മണനും ശൂദ്രനും മനീഷിക്കും രാമായണം സമഭാവന നല്‌കുന്നു. അധര്‍മത്തെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഭീരുവിനെ രാമായണം നിരാകരിക്കുന്നു. അജയ്യനായ ധര്‍മസമരസേനാനിയെ അഭിഷിക്തനാക്കുന്നു.
രാമായണം എന്ന ഇതിഹാസം
`ഇതിഹ’ എന്ന വാക്കിന് പാരമ്പര്യോപദേശമെന്നാണര്‍ഥം. കഥായുക്തമായ ഒരു പൂര്‍വചരിത്രകഥന സ്വഭാവമാണ് `ഇതിഹ’യ്‌ക്കുള്ളത്. പാരമ്പര്യോപദേശക്രമം കൊണ്ടു പ്രസിദ്ധമായ പുരാവൃത്ത പരാമര്‍ശം `ഇതിഹ’യ്‌ക്കുള്ള പ്രത്യേകതയാണ്. ചരിത്രപരമായ പാരമ്പര്യവും അധ്യാത്മപശ്ചാത്തലമൊരുക്കുന്ന സ്വഭാവവും കൂടിച്ചേര്‍ന്ന വര്‍ണനാചാതുരി രാമായണമഹാഗ്രന്ഥത്തെ ഒരു ഇതിഹാസമാക്കിത്തീര്‍ത്തു. അധ്യാത്മവും ഭൗതികവുമായ മണ്ഡലങ്ങളെ രാമായണം കൂട്ടിയിണക്കുന്നു.
`ധര്‍മാര്‍ഥകാമമോക്ഷാണാമുപദേശസമന്വിതം
പൂര്‍വവൃത്തം കഥായുക്തം ഇതിഹാസം പ്രചക്ഷതേ’
ധര്‍മം, അര്‍ഥം, കാമം, മോക്ഷം ഇവ ഉപദേശിക്കുന്ന കഥായുക്തമായ പൂര്‍വചരിത്രമാണ് ഇതിവൃത്തമായി രാമായണത്തില്‍ സ്വീകരിച്ചിരിക്കുന്നത്. രാമായണം, മഹാഭാരതം എന്നീ ഉത്തമഗ്രന്ഥങ്ങളെ ഇതിഹാസങ്ങളെന്നു പ്രകീര്‍ത്തിക്കാനുള്ള കാരണവും മേല്‌പറഞ്ഞവയാണ്. പുരുഷാര്‍ഥങ്ങള്‍ സാധിക്കുന്നതിന് ഉതകത്തക്കവണ്ണമാണു രാമായണം രചിക്കപ്പെട്ടിരിക്കുന്നത്. വൈവിധ്യങ്ങളും വൈരുധ്യങ്ങളും മോക്ഷമെന്ന ലക്ഷ്യത്തിനു പ്രയോജനപ്പെടുമാറ് കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു. പ്രത്യക്ഷത്തില്‍ വൈരുധ്യങ്ങളെന്നു തോന്നുന്ന പലതും ഏകത്വത്തിനു പ്രയോജനപ്പെടുന്ന അവസ്ഥാവിശേഷം രാമായണത്തിനുണ്ട്. അനുഗ്രഹവും നിഗ്രഹവും ധര്‍മത്തിനു പ്രയോജനപ്പെടുന്ന അനുഭവങ്ങളാണ് രാമായണത്തില്‍നിന്ന് ലഭിക്കുന്നത്. വിരുദ്ധഭാവങ്ങള്‍ വിടവു സൃഷ്‌ടിക്കാത്ത സമീപനം രാമായണലക്ഷ്യത്തെ സാര്‍ഥകമാക്കുന്നു.
പൂര്‍വവൃത്താന്തകഥനം കേവലം കഥാകഥനമായി ചുരുങ്ങുന്നില്ല. ചരിത്രസ്വഭാവമുള്ള വര്‍ണനകള്‍ പുരുഷാര്‍ഥങ്ങളില്‍ നിന്നകന്ന് വികാരതീവ്രമാകുന്നില്ല. വികാരവും വിവേകവും ധര്‍മത്തിന്റെ മഹത്ത്വം എടുത്തുകാട്ടുന്നു. വിവേചനബുദ്ധിയും വിശകലനസാമര്‍ത്ഥ്യവും മോക്ഷലക്ഷ്യത്തിനു പ്രയോജനപ്പെടുന്ന മാര്‍ഗങ്ങളായിത്തീര്‍ന്നിരിക്കുന്നു. വ്യക്തിജീവിതം, കുടുംബജീവിതം, സാമൂഹികപശ്ചാത്തലം, സാമ്രാജ്യസംവിധാനം തുടങ്ങി പ്രത്യക്ഷങ്ങളായ പൂര്‍മചരിത്രപരാമര്‍ശം ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളെ സമര്‍ത്ഥിക്കുകയും സാധിക്കുകയും ചെയ്യുന്നതിനു പ്രയോജനപ്പെടുന്നു. നാനാരീതിയിലുള്ള വ്യക്തിത്വം, കുടുംബത്വം, സാമ്രാജ്യത്വം തുടങ്ങി ക്ലിഷ്‌ടങ്ങളെന്നു തോന്നുന്ന പലതും പുരുഷാര്‍ത്ഥപ്രാപ്‌തിക്ക് പ്രയോജനപ്പെടുന്ന പശ്ചാത്തലമാക്കുന്നു. `ഇതിഹ’യില്‍ നിന്നുത്ഭവിച്ച സംഭവബഹുലമായ ചര്‍ച്ചയാണു രാമായണത്തിലുടനീളമുണ്ടായത്. നിത്യജീവിതത്തിലെ സാധാരണത്വത്തില്‍ നിന്നകന്നുനില്‌ക്കുന്ന അനുഭവം തന്മൂലമുണ്ടാകുന്നില്ല. അനുകരിക്കുവാനും അനുസരിക്കുവാനും പ്രയോജനം നല്‌കിക്കൊണ്ടാണ് രാമായണത്തില്‍ `ഇതിഹ’ ചര്‍ച്ചചെയ്യപ്പെടുന്നത്. കേവലം ഐതിഹ്യമായി തള്ളിക്കളയുന്നതിനു സാധ്യമല്ലാത്തവണ്ണം രാമായണം നിത്യജീവിതവുമായി ബന്ധപ്പെടുന്നു. ഇതിഹാസ ഗ്രന്ഥമെന്നുള്ള നിലയില്‍ രാമായണം നിര്‍വഹിക്കുന്ന പങ്ക് പലതാണ്. അധ്യാത്മപുരോഗതിയാണ് മുഖ്യമായ നേട്ടം. സാമൂഹ്യനീതിയെ ചര്‍ച്ചചെയ്‌തും വിലയിരുത്തിയുമാണ് ഇക്കാര്യം സാധിച്ചിരിക്കുന്നത്. വ്യക്തിജീവിതത്തെ ആദര്‍ശസമ്പൂര്‍ണമാക്കിക്കൊണ്ടാണ് സാമൂഹികസ്ഥിതി ചര്‍ച്ചചെയ്യുന്നത്.
വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധം ലക്ഷ്യപ്രാപ്‌തിക്കുതകത്തക്കവണ്ണം സമന്വയിച്ചിരിക്കുന്നു.
സാമ്രാജ്യസംവിധാനക്രമവും ഗുരുപരമ്പരാബന്ധവും പ്രബലങ്ങളായ ഫലങ്ങളാണു നല്‌കുന്നത്. ഭരണകര്‍ത്താക്കളും ഭരണീയരും തമ്മിലുള്ള ബന്ധം സമ്പത്തിനേക്കാള്‍ ത്യാഗത്തില്‍ അധിഷ്‌ഠിതമായിരിക്കുന്നു. രാജസപ്രൗഢിയുടെ പരാജയവും സാത്ത്വികഗുണത്തിന്റെ പരിവേഷവും രാമായണപരാമര്‍ശം സുവ്യക്തമാക്കുന്നു. സ്വാര്‍ഥതക്കുവേണ്ടി സമരം ചെയ്യുന്ന ധര്‍മഭീരുവിനെ രാമായണം അംഗീകരിക്കുന്നില്ല. കര്‍ത്തവ്യത്തിനുമുമ്പില്‍ കാതരമാകുന്ന വ്യക്തിത്വം ധര്‍മ്മനിര്‍വഹണത്തിനു കളങ്കം സൃഷ്‌ടിക്കുമെന്ന് രാമായണം ഉദ്‌ഘോഷിക്കുന്നു. മനുഷ്യമനസ്സിനെ അപഗ്രഥിക്കുവാനും അചഞ്ചലമാക്കുവാനുമുള്ള ധര്‍മപാടവം രാമായണമഹാഗ്രന്ഥം പ്രകടമാക്കുന്നു. അലസനേയും അതികാമിയേയും രാമായണതത്ത്വം അംഗീകരിക്കുന്നില്ല. സ്വാര്‍ഥതക്കു വശംവദമാകുന്ന അര്‍ഥകാമങ്ങളെ രാമായണം ചുട്ടെരിക്കുന്നു. ആശ്രയിക്കുന്നവന് അഭയം നല്‌കുവാനും അനുകരിക്കുന്നവനെ നിയന്ത്രിക്കുവാനും രാമായണസന്ദേശം നിര്‍ദേശിക്കുന്നു. സര്‍വാത്മനാ ധര്‍മകാമമോക്ഷങ്ങളെ സാധിക്കുന്ന ഇതിഹാസലക്ഷ്യം രാമായണം ശ്രേഷ്‌ഠമായി നിര്‍വഹിക്കുന്നു.
Discussion about this post