ന്യൂഡല്‍ഹി: വിജയ് മല്ല്യയുടെ ലണ്ടനിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ഇന്ത്യന്‍ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിന്റെ ഉത്തരവ് ബ്രിട്ടീഷ് കോടതി അംഗീകരിച്ചു. ഉത്തരവിന്റെ ഭാഗമായി മല്യയുടെ ലണ്ടനിലുള്ള സ്വത്തുക്കള്‍ ഇന്ത്യക്ക് കണ്ട് കെട്ടാനാകും. നടപടി ചോദ്യം ചെയ്ത വിജയ് മല്ല്യ സമര്‍പ്പിച്ച് പരാതി തള്ളിയാണ് ബ്രിട്ടീഷ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ഇന്ത്യയിലെ കോടതി ഉത്തരവുകള്‍ വിദേശ രാജ്യങ്ങളില്‍ നടപ്പിലാക്കാന്‍ അതെ രാജ്യത്തെ ഭരണഘടനാ കോടതിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. സ്വത്ത് വകകള്‍ കണ്ട് കെട്ടാന്‍ ഇന്ത്യന്‍ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ നല്‍കിയ ഉത്തരവിന് ഇത്തരത്തില്‍ അംഗീകാരം ലഭിക്കാന്‍ ഇന്ത്യന്‍ ബാങ്കുകളുടെ കൂട്ടായ്മ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനെതിരെ വിജയ് മല്യ നല്‍കിയ പരാതി തള്ളിക്കൊണ്ടാണ് ലണ്ടനിലെ കോമേഴ്‌സ്യല്‍ കോര്‍ട്ട് ക്യൂഎന്‍സ് ബെഞ്ചിന്റെ ഉത്തരവ്.
ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിന്റെ ഉത്തരവിന് അംഗീകാരം ലഭിച്ചതോടെ ലണ്ടനിലെ ഒരു ലക്ഷം പൗണ്ടിലേറെ മൂല്യമുള്ള മല്യയുടെ സ്വത്തുക്കള്‍ ഇന്ത്യന്‍ ബാങ്കുകളുടെ സംയുക്തമായ നീക്കത്തിലൂടെ കണ്ടുകെട്ടാനാകും. ഉത്തരവുണ്ടായ പശ്ചാത്തലത്തില്‍ മല്യ തട്ടിയെടുത്ത തുക ഇന്ത്യന്‍ ബാങ്കുകള്‍ക്ക് തിരിച്ച് കിട്ടാനുള്ള സാധ്യത വര്‍ദ്ധിച്ചു.
വിജയ് മല്യയുടെ ലണ്ടനിലെ സ്വത്ത് കണ്ട് കെട്ടാന്‍ 2017 ജനുവരിയില്‍ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനാണ് ബ്രിട്ടനിലെ കോടതി അംഗീകാരം നല്‍കിയത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയതന്ത്ര നിലപാടുകള്‍ വഴി ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള കരാറുകള്‍ സംബന്ധിച്ച് കൂടുതല്‍ ധാരണകള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലവില്‍ വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ബ്രിട്ടീഷ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
Discussion about this post