തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പൊതുപരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറിയില്‍ 83.75 ശതമാനം വിജയം.
ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 3,09,065 വിദ്യാര്‍ഥികള്‍ വിജയിച്ചു. 14,735 പേര്‍ എല്ലാ വിഷയത്തിനു എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ എ പ്ലസുകള്‍ മലപ്പുറം ജില്ലയിലാണ്. 1935 വിദ്യാര്‍ഥികളാണ് മലപ്പുറത്ത് എ പ്ലസ് നേടിയത്.
ഹയര്‍സെക്കന്‍ഡറിയില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ ജില്ലയിലാണ് (86.75 ശതമാനം). എറ്റവും കുറവ് വിജയശതമാനം പത്തനംതിട്ടയില്‍ -77.16 ശതമാനം. 79 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടിയപ്പോള്‍ 180 വിദ്യാര്‍ഥികള്‍ മുഴുവന്‍ മാര്‍ക്കും നേടി.
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 90.24 ശതമാനം പേര്‍ വിജയിച്ചു. 69 പേര്‍ക്ക് ഫുള്‍ എപ്ലസ് നേടി. ഏറ്റവും കൂടുതല്‍ വിജയ ശതമാനം തൃശൂര്‍ ജില്ലയിലാണ്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് വിജയശതമാനം. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്.
സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് മേയ് 16 വരെ അപേക്ഷിക്കാം. ജൂണ്‍ അഞ്ച് മുതല്‍ 12 വരെയാണ് പരീക്ഷകള്‍. പ്രാക്ടിക്കല്‍ പരീക്ഷകള്‍ മേയ് 28,29 തീയതികളിലാണ് നടക്കുക. പുനര്‍മൂല്യ നിര്‍ണയത്തിന് മേയ് 15 വരെ അപേക്ഷിക്കാം.
Discussion about this post