ന്യൂഡല്‍ഹി: ഭാരതത്തിന്റെ ചരിത്രവും സനാതന സംസ്‌കാരവും ശ്രീരാമചന്ദ്രമഹാപ്രഭുവും നേപ്പാള്‍ ചരിത്രവുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നേപ്പാളിലെ ജാനക്പൂരില്‍ ജാനകിമാത ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ത്രേതായുഗം മുതലുള്ള ഇന്ത്യയുടെയും നേപ്പാളിന്റെയും ബന്ധം നല്ല സംസ്‌കാരത്തെ ഊട്ടിയുറപ്പിക്കുന്നതാണ്. ജനക മഹാരാജാവും ദശരഥ മഹാരാജാവും ജാനക്പൂറിനെയും അയോദ്ധ്യയേയും മാത്രമല്ല ബന്ധിപ്പിച്ചത്. മറിച്ച് ഇരുരാജ്യങ്ങളുടെയും സാഹോദര്യത്തെയാണ്. പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രം എന്നതിലുപരി ആദ്ധ്യാത്മികതയുടെയും പുണ്യരാജ്യമാണ് നേപ്പാള്‍. ഈ സന്ദര്‍ശനം ഏറെ സന്തോഷം പകരുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
സബ്ക സാഥ് സബ്കാ വികാസ് എന്നതിനെ കുറിച്ച് സംസാരിക്കുമ്പോള്‍, ഞാന്‍ ഇന്ത്യയെ കുറിച്ച് മാത്രം സംസാരിച്ചാല്‍ പോര, അയല്‍ രാജ്യങ്ങളെ കുറിച്ചും സംസാരിക്കണം. അവരുടെ വികസനവും നമ്മള്‍ ഏറെ ആഗ്രഹിക്കുന്നുണ്ട്. നേപ്പാള്‍ അതിവേഗം വളരുന്ന ഒരു രാജ്യമാണെന്നതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നുണ്ട്. എല്ലാക്കാലത്തും ഇരുരാജ്യങ്ങളും കൈകോര്‍ത്തു മുന്നോട്ടുപോയിട്ടുണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തിലുപരിയായി ഇരുജന വിഭാഗങ്ങളുമായിട്ടുള്ള സാഹോദര്യത്തിന്റെ ദര്‍ശനമാണ് ഈ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
രണ്ട് ദിവസത്തെ നേപ്പാള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി ജനക്പൂരിലെത്തിയത്. തുടര്‍ന്ന് ഇരു പ്രധാനമന്ത്രിമാരും ചേര്‍ന്ന് രാമായണ്‍ സര്‍ക്യൂട്ട് ബസ് സര്‍വീസും ഉദ്ഘാടനം ചെയ്തു. സീതാദേവിയുടെ ജന്‍മസ്ഥലമായ ജനക്പൂറും രാമജന്മഭൂമിയായ അയോദ്ധ്യയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബസ് റൂട്ടാണിത്. ജാനക്പൂറിന്റെ വികസനത്തിനു വേണ്ടി 100 കോടി അനുവദിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
രാഷ്ട്രീയമായും സാംസ്‌കാരികമായും ഏറെ പ്രധാന്യമര്‍ഹിക്കുന്നതാണ് പ്രധാനമന്ത്രിയുടെ നേപ്പാള്‍ സന്ദര്‍ശനം. ഇന്ത്യയുമായി സഹകരിച്ച് നേപ്പാളില്‍ നിര്‍മ്മിക്കുന്ന 900 മെഗാവാട്ട് ശേഷിയുള്ള ജല വൈദ്യുത പദ്ധതി അരുണ്‍മൂന്നിന്റെ ഉദ്ഘാടനവും ഇരുനേതാക്കളും ചേര്‍ന്ന് നിര്‍വഹിക്കും. തുടര്‍ന്ന് നേപ്പാള്‍ പ്രസിഡന്റുമായും, നേപ്പാളിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
Discussion about this post