ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു. ബി.എസ്. യെദിയൂരപ്പ 23-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു.15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ യെദിയൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
യെദിയൂരപ്പ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ഉള്‍പ്പെടെ ബിജെപിയുടെ ദേശീയ-സംസ്ഥാന നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. വലിയ ആഘോഷങ്ങളില്ലാതെ ലളിതമായ ചടങ്ങുകളാണ് രാജ്ഭവനില്‍ നടന്നത്. കോണ്‍ഗ്രസ്, ജെഡി-എസ് പ്രതിഷേധമുണ്ടായേക്കുമെന്ന കണക്കുകൂട്ടലിനേത്തുടര്‍ന്ന് സത്യപ്രതിജ്ഞ നടക്കുന്ന രാജ്ഭവനു മുന്നിലും സംസ്ഥാന തലസ്ഥാനത്തും വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
കര്‍ണാടകയില്‍ ബി.എസ്.യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതു തടയാനാവില്ലെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കൂര്‍ പിന്നിട്ട മാരത്തോണ്‍ വാദത്തിനു ശേഷമാണ് പരമോന്നത കോടതി വാക്കാല്‍ പരാമര്‍ശിച്ചത്. എന്നാല്‍ വിഷയത്തില്‍ വീണ്ടും വാദം കേള്‍ക്കുമെന്ന് ജസ്റ്റീസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കൂടാതെ, ഹര്‍ജിയില്‍ യെദിയൂരപ്പയെ കക്ഷി ചേര്‍ക്കാനും കോടതി നിര്‍ദേശിച്ചു.
Discussion about this post