ബംഗളുരു: മൂന്നരമണിക്കൂര്‍ നീണ്ട നടപടികള്‍ക്കൊടുവില്‍ കോണ്‍ഗ്രസിനു കോടതിയില്‍നിന്നു തിരിച്ചടിയുണ്ടായി. കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യുന്നതിന് ബി.എസ്.യെദിയൂരപ്പയ്ക്ക് തടസങ്ങളില്ലെങ്കിലും, സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങള്‍ക്കു ഭൂരിപക്ഷമുണ്ടെന്ന് അറിയിച്ച് ഗവര്‍ണര്‍ക്കു മുന്നില്‍ യെദിയൂരപ്പ ഹാജരാക്കിയ കത്ത് കോടതിയില്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് കേസ് വീണ്ടും പരിഗണിക്കുന്‌പോഴാണ് കത്ത് ഹാജരാക്കേണ്ടത്. ഇത് കോണ്‍ഗ്രസിനായി കേസ് വാദിച്ച മനു അഭിഷേക് സിംഗ്വിയുടെ ആവശ്യങ്ങളില്‍ ഒന്നായിരുന്നു. കോടതിയുടെ ഈ നിര്‍ദേശം എങ്ങനെ യെദിയൂരപ്പയെ ബാധിക്കുമെന്നാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
കര്‍ണാടകയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരേ കോണ്‍ഗ്രസും ജെഡിഎസും സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ അര്‍ധരാത്രിയില്‍ 2.08-നാണ് വാദം ആരംഭിച്ചത്. തുടക്കത്തില്‍ ഗവര്‍ണരുടെ വാദം റദ്ദാക്കണമെന്നു വാദമുന്നയിച്ച സിംഗ്വി, ഒടുവില്‍ ബി.എസ്.യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ അനുവദിക്കരുതെന്ന വാദത്തിലേക്കു മാത്രമായി ഒതുങ്ങി. ഇത് സുപ്രീം കോടതി തള്ളുകയായിരുന്നു. കര്‍ണാടക സര്‍ക്കാരിനെയും കോടതി കേസില്‍ കക്ഷിചേര്‍ത്തിട്ടുണ്ട്.
ബിജെപിക്ക് നിലവില്‍ 104 എംഎല്‍എമാരും ഒരു സ്വതന്ത്രനുമുള്‍പ്പെടെ 105 പേരുടെ പിന്തുണയാണുള്ളത്. ഭൂരിപക്ഷം തെളിയിക്കാന്‍ എട്ടു പേരുടെ പിന്തുണകൂടി ആവശ്യമാണ്. അതേസമയം, 117 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെടുന്ന കത്ത് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചിരുന്നു. ഇത് തള്ളിയാണ് ഭൂരിപക്ഷം തികയാത്ത ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് ക്ഷണിച്ചത്. സര്‍ക്കാരിനു ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയവും ഗവര്‍ണര്‍ നല്‍കി.
Discussion about this post