ന്യൂഡല്‍ഹി: കര്‍ണാടകയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കും. നാളെ നാല് മണിക്ക് മുമ്പ് യെദ്യൂരപ്പ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ അനുമതി നല്‍കിയതിനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
അതേ സമയം രഹസ്യ വോട്ടെടുപ്പ് നടത്തണമെന്ന ബിജെപിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.പ്രോടൈം സ്പീക്കര്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. പരസ്യ വോട്ടെടുപ്പാണെങ്കില്‍ എംഎല്‍എമാര്‍ തങ്ങളുടെ നിലപാട് പരസ്യമായി അറിയിക്കേണ്ടി വരും. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന് കോണ്‍ഗ്രസും ബിജെപിയും കോടതിയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ബി.എസ്.യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ബിജെപി അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. കോണ്‍ഗ്രസിന്റേയും ജെഡിഎസിന്റേയും ചില എംഎല്‍എമാര്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതായി കത്തില്‍ പറയുന്നു. പിന്തുണക്കുന്നവരുടെ പേരുകള്‍ കോടതിക്ക് നല്‍കേണ്ട കാര്യമില്ലെന്നും മുകുള്‍ റോത്തകി കോടതിയില്‍ പറഞ്ഞു.
ഒരു മണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിനൊടുവിലാണ് സുപ്രീംകോടതി വിഷയത്തില്‍ തീരുമാനമെടുത്തത്.
Discussion about this post