കോഴിക്കോട്: നിപ രോഗ ലക്ഷണങ്ങളോടെ രണ്ടു പേര്‍ കൂടി മരിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രാജന്‍, നാദാപുരം സ്വദേശി അശോകന്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ രക്തസാമ്പിള്‍ പരിശോധനക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ലഭിച്ചിട്ടില്ല. ഇതോടെ നിപ രോഗലക്ഷണങ്ങളോടെ മരിച്ചവരുടെ എണ്ണം പതിനൊന്നായി. അഞ്ച് പേരിലാണ് നിപ സ്ഥിരീകരിച്ചിട്ടുളളത്. മറ്റുള്ളവരുടെ രക്തസാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇത് ലഭിച്ച ശേഷമേ മരണകാരണം നിപ വൈറസ് ആണോയെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളു.
അതേ സമയം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രത്തിന്റെ മറ്റൊരു സംഘം കൂടി ഇന്ന് കോഴിക്കോടെത്തും. എയിംസില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് ഇവിടെ എത്തുന്നത്. കേന്ദ്ര വെറ്റിനറി മെഡിക്കല്‍ സംഘവും സ്ഥലത്ത് എത്തുന്നുണ്ട്.
വിഷയത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും എന്‍സിഡിസി ഡയറക്ടര്‍ ഡോ.സുജിത്ത് സിങ് പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി ജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്ന് പ്രദേശവാസികളും ആവശ്യപ്പെട്ടു. ആദ്യം മരണപ്പെട്ട സഹോദരങ്ങളെ പേരാമ്പ്രയിലെ ആശുപത്രിയില്‍ ശുശ്രൂഷിച്ച ഷിജി, ജിഷ്ണ എന്നി നേഴ്സുമാര്‍ക്ക് സമാനമായ രോഗലക്ഷണം കണ്ടെത്തിയ സാഹചര്യത്തില്‍ ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post