തിരുവനന്തപുരം: വാര്‍ഷിക മെയിന്റനന്‍സിനായി അടച്ചിട്ട എസ്.എ.ടി. ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്റര്‍ കഴിവതും വേഗത്തില്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ എസ്.എ.ടി. ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.
അടച്ചിട്ട മേജര്‍ ഓപ്പറേഷന്‍ തീയറ്റര്‍ 10 ദിവസത്തിനം തുറക്കുമെന്ന് എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍ അറിയിച്ചു. സിവില്‍, ഇലക്ട്രിക്കല്‍, പ്ലമ്പിംഗ് വിഭാഗങ്ങളിലെ കേടുപാടുകള്‍ തീര്‍ത്ത് ഓപ്പറേഷന്‍ തീയറ്ററുകളുടെ മികച്ച ഗുണനിലവാരം ഉറപ്പുവരുത്താന്‍ വേണ്ടിയാണ് ഓരോ വര്‍ഷവും വാര്‍ഷിക മെയിന്റനന്‍സ് നടത്തുന്നത്. ഇത്രയും ജോലികളുള്ളതിനാല്‍ വീണ്ടും പ്രവര്‍ത്തനസജ്ജമാക്കി അണു വിമുക്തമാക്കാന്‍ ഏകദേശം ഒരുമാസത്തോളമെടുക്കും. അത്യാവശ്യ ഓപ്പറേഷനുകള്‍ക്ക് ഒരു തടസവും ഉണ്ടാകാത്ത വിധമാണ് എല്ലായ്‌പ്പോഴും തീയറ്ററുകള്‍ അടച്ചിടുന്നത്.
എസ്.എ.ടി. ആശുപത്രിയില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്റര്‍, ഫാമിലി പ്ലാനിംഗ് ഓപ്പറേഷന്‍ തീയറ്റര്‍, മേജര്‍ ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയാണുള്ളത്. ഓപ്പറേഷന്‍ തീയറ്ററുകള്‍ അറ്റകുറ്റപണികള്‍ക്കായി ഒരുമിച്ച് അടച്ചിടാറില്ല. ഇപ്പോള്‍ മേജര്‍ ഓപ്പറേഷന്‍ തീയറ്ററിലാണ് അറ്റകുറ്റപണികള്‍ നടക്കുന്നത്. മൂന്ന് ടേബിളുകളുള്ള ഈ തീയറ്ററില്‍ രണ്ടെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കാത്തത്. ഒരു ടേബിള്‍ മറ്റൊരു തീയറ്ററില്‍ പ്രവര്‍ത്തിച്ചു വരുന്നു. അതിനാല്‍ തന്നെ പ്രധാനപ്പെട്ട ഒരു ശസ്ത്രക്രിയയും മാറ്റിവയ്ക്കുന്നില്ല.
അതേസമയം ജീവനക്കാരുടെ സൗകര്യത്തിനാണ് ഓപ്പറേഷന്‍ തീയറ്റര്‍ അടച്ചിട്ടതെന്ന ആരോപണം തെറ്റാണെന്ന് സൂപ്രണ്ട് വ്യക്തമാക്കി. ഡോക്ടര്‍മാര്‍ കൂട്ടത്തോടെ അവധിയെടുത്തെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ഡോക്ടര്‍മാരുടെ കുറവ് കാരണം ഒരു ഓപ്പറേഷനും മുടങ്ങിയിട്ടില്ലെന്നും സൂപ്രണ്ട് അറിയിച്ചു.
Discussion about this post