തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച ബി.ജെ.പി വൈസ് പ്രസിഡന്റ് ബി.കെ ശേഖറിന്റെ മൃതദേഹം ഇന്ന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിക്കും. മൃതദേഹം ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് ബി.ജെ.പി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
ഋഷിമംഗലത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട ആയിരക്കണക്കിന് അളുകള്‍ അന്ത്യോപചാരം അര്‍പ്പിക്കുന്നതിനായി എത്തിക്കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും മറ്റ് മന്ത്രിമാരും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
ശ്രീരാമദാസ ആശ്രമത്തിനുവേണ്ടി കുന്നുകുഴി എസ്.മണി പുഷ്പചക്രം അര്‍പ്പിച്ചു. ബി.ജെ.പി നേതാക്കളെല്ലാം തന്നെ ഋഷിമംഗലത്ത് എത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണീയോടെ വീട്ടില്‍ വച്ച് അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വിലാപയാത്രയായി മാരാര്‍ജി ഭവനിലേക്ക് കൊണ്ടു പോകും. ഇവിടെ നിന്നും മൂന്ന് മണിക്ക് ശേഷം വിലാപയാത്രയായി ശാന്തികവാടത്തിലേക്ക് കൊണ്ടു പോകും. മൂന്നര മണിയോടെയായിരിക്കും സംസ്കാരം നടക്കുക.
കരളിലെ അര്‍ബുദ ബാധയെത്തുടര്‍ന്ന് ഇന്നലെ എറണാകുളത്തെ സ്വകാര്യആശുപത്രിയിലായിരുന്നു ബി.കെ ശേഖറിന്റെ അന്ത്യം. വിദ്യാര്‍ത്ഥിമോര്‍ച്ചയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചേര്‍ന്ന ബി.കെ ശേഖര്‍ എതിരാളികള്‍ക്ക് പോലും സ്വീകാര്യനായിരുന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യേ വലിയൊരു സൗഹൃദയവലയത്തിന് ഉടമയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നേതൃത്വത്തിലെ സൗമ്യമുഖമായിരുന്നു ബി.കെ ശേഖര്‍ എന്ന് പ്രമുഖര്‍ അനുസ്മരിച്ചു. പാര്‍ട്ടിയുമായുള്ള ബന്ധം മാത്രമല്ല വിവിധ സംഘടനകളുടെ നേതാക്കളുമായുള്ള ബന്ധംവച്ച് പുലര്‍ത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാളായിരുന്നു ബി.കെ ശേഖരെന്ന് ഒ.രാജഗോപാല്‍ അനുസ്മരിച്ചു.
കേരളത്തില്‍ ബി.ജെ.പിയുടെ പ്രസരിപ്പിന്റെയും പ്രസന്നതയുടെയും മുഖമായിരുന്നു ബി.കെ ശേഖറിന്റേതെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ് അനുസ്മരിച്ചു. കേരള രാഷ്ട്രീയത്തില്‍ ഇത്രയും ഊര്‍ജ്വസ്വലതയുള്ള നേതാവിനെ യുവാക്കള്‍ക്കിടയില്‍ കാണാന്‍ കഴിയില്ലെന്ന് പി.എസ് ശ്രീധരന്‍ പിള്ള അനുസ്മരിച്ചു.
Discussion about this post