തിരുവനന്തപുരം: തുടര്‍ച്ചയായ നാലാം ദിവസവും നിയമസഭ പ്രക്ഷുബ്ധമായി. ആലുവ എടത്തലയില്‍ പോലീസ് യുവാവിനെ മര്‍ദ്ദിച്ച സംഭവമാണ് ഇന്ന് സഭയെ ബഹളമുഖരിതമാക്കിയത്. സംഭവം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഇതിന് മുഖ്യമന്ത്രി മറുപടി പറയവേയാണ് പ്രതിപക്ഷം ബഹളം വച്ചത്. ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ല എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് ബഹളത്തിനിടയാക്കിയത്. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു.
തന്റെ വാഹനത്തില്‍ പോലീസ് വാഹനം ഇടിച്ചപ്പോള്‍ ഉസ്മാന്‍ പ്രതികരിച്ചത് സ്വാഭാവികമാണെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു. എന്നാല്‍, ഉസ്മാനാണ് പോലീസിനോട് ആദ്യം തട്ടിക്കയറിയതെന്നും പോലീസ് വാഹനത്തിന്റെ ഡ്രൈവറെ കൈയേറ്റം ചെയ്യുന്നതിന് ഉസ്മാന്‍ ശ്രമിച്ചെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സംഭവത്തില്‍ കുറ്റക്കാരായ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തന്നെ സംഭവത്തില്‍ പോലീസിന് വീഴ്ചയുണ്ടായെന്നു സമ്മതിച്ച മുഖ്യമന്ത്രി നിയമപരമായി പ്രവര്‍ത്തിക്കുന്നതിനു പകരം സാധാരണക്കാരുടെ നിലവാരത്തിലേക്ക് പോലീസ് തരംതാഴരുതായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. സംഭവത്തിന്റെ പേരില്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയവരില്‍ തീവ്രസ്വഭാവമുള്ള സംഘടനകളുണ്ടായിരുന്നുവെന്നും അതിലുണ്ടായിരുന്ന ചിലരെയെങ്കിലും സ്ഥലം എംഎല്‍എ ആയ അന്‍വര്‍ സാദത്തിന് അറിയാമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനു ശേഷമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ച ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ല എന്ന പരാമര്‍ശം മുഖ്യമന്ത്രി നടത്തിയത്.
ഇതിനു പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ഇതോടെ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
Discussion about this post