നാഗ്പുര്‍: മതമല്ല ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാനമെന്നും അസഹിഷ്ണുത നമ്മുടെ ദേശീയ സ്വത്വത്തെ ദുര്‍ബലമാക്കുമെന്നും മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍എസ്എസ്) ആസ്ഥാനത്തെ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിലുടനീളം മതേതരത്വം, സഹിഷ്ണുത, സംവാദം എന്നിവയ്ക്കായി അദ്ദേഹം നിലകൊണ്ടു.
ദേശീയതയും ദേശസ്‌നേഹവും സംബന്ധിച്ച തന്റെ കാഴ്ചപ്പാട് പങ്കുവയ്ക്കാനാണ് ഇവിടെ എത്തിയതെന്നു പറഞ്ഞുകൊണ്ടാണ് മുഖര്‍ജി പ്രസംഗമാരംഭിച്ചത്. ഏതെങ്കിലും മതമോ വംശമോ അല്ല നമ്മുടെ ദേശീയതയുടെ ആധാരം. സഹവര്‍ത്തിത്വവും ഉള്‍ച്ചേരലും സാര്‍വദേശീയതയും ചേര്‍ന്നാണു നമ്മുടെ ദേശീയത രൂപപ്പെട്ടത്. സഹിഷ്ണുതയും വൈവിധ്യത്തോടുള്ള ആദരവും ആണു ന്്മ്മുടെ കരുത്ത്. നമ്മുടെ വൈവിധ്യം നമുക്ക് ആഘോഷമാണ്: പ്രണാബ് പറഞ്ഞു.
നമ്മുടെ രാജ്യത്തെ ഏതെങ്കിലും മതത്തിന്റെയോ വിശ്വാസത്തിന്റെയോ അസഹിഷ്ണുതയുടെയോ അടിസ്ഥാനത്തില്‍ നിര്‍വചിക്കാന്‍ ശ്രമിക്കുന്നതു നമ്മുടെ അസ്തിത്വംതന്നെ ഇല്ലാതാക്കും: മുന്‍ രാഷ്ട്രപതി മുന്നറിയിപ്പ് നല്‍കി. ഭീതിയില്ലാതെ സംവാദം നടക്കുന്ന അന്തരീക്ഷം വേണം. വിദ്വേഷം സമൂഹത്തെ ദുര്‍ബലമാക്കും.
ജനാധിപത്യം ഒരു സംഭാവനയല്ല, ഒരു ദിവ്യദൗത്യമാണ്: പ്രണാബ് ഓര്‍മിപ്പിച്ചു. ആയുഷ്‌കാലം മുഴുവന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന പ്രണാബ് ആര്‍എസ്എസ് ആസ്ഥാനത്തു പോകുന്നതിനെ സ്വന്തം മകള്‍ ശര്‍മിഷ്ഠയും നിരവധി കോണ്‍ഗ്രസ് നേതാക്കളും മതേതരപ്രസ്ഥാനങ്ങളിലുള്ളവരും വിമര്‍ശിച്ചിരുന്നു. അതുകൊണ്ടുതന്നെ രാജ്യം ഏറ്റവും ആകാംക്ഷയോടെ ശ്രദ്ധിച്ചതായിരുന്നു പ്രണാബിന്റെ പ്രസംഗം.
ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പ്രണാബ് വന്നതിനു നന്ദി പറഞ്ഞുകൊണ്ടാണു സ്വാഗതമാശംസിച്ചത്. നാഗ്പുരിലെ രാജ്ഭവനില്‍ രാത്രി താമസിച്ച മുന്‍ രാഷ്ട്രപതി അവിടെ ഭാഗവതിന് അത്താഴവിരുന്നു നല്‍കി.
Discussion about this post