തിരുവനന്തപുരം: അടപ്പാടിയിലെ ആദിവാസി അമ്മമാര്‍ നിര്‍മിക്കുന്ന കാര്‍ത്തുമ്പി കുടകള്‍ വിപണിയിലെത്തി. ഈ സീസണിലെ ഔദ്യോഗിക വിപണനോദ്ഘാടനം പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ സെക്രട്ടേറിയറ്റിലെ ചേംബറില്‍ നിര്‍വഹിച്ചു.
2015 ലാണ് പട്ടികവര്‍ഗ ക്ഷേമ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ ആദിവാസി ഊരുകളിലെ സ്ത്രീകള്‍ക്കിടയില്‍ കുട നിര്‍മാണ പരിശീലനം ആരംഭിച്ചത്. ആദിവാസി കൂട്ടായ്മയായ തമ്പ് ആണ് മുന്‍കൈയെടുത്തത്. വിവിധ ഊരുകളിലായി ആരംഭിച്ച കുട നിര്‍മാണ യൂണിറ്റുകള്‍ അട്ടപ്പാടി ഐ ടി ഡി പി ഓഫീസിന്റെ സഹകരണത്തോടെ സൗകര്യപ്രദമായ രീതിയില്‍ ഒരു കുടക്കീഴിലേക്ക് കൊണ്ടുവരികയായിരുന്നു. ഇപ്പോള്‍ 40 സ്ത്രീകള്‍ ഇവിടെ കുട നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നു. ഒരു കുട തുന്നിയാല്‍ ഒരാള്‍ക്ക് അമ്പതു രൂപ ലഭ്യമാക്കുന്ന വിധത്തിലാണ് പദ്ധതി. ഒരു ദിവസം ഒരാള്‍ക്ക് 500 മുതല്‍ 750 രൂപ വരെ പ്രതിഫലം ലഭ്യമാക്കാന്‍ പദ്ധതിയിലൂടെ സാധിക്കുന്നു. ബാങ്ക് അക്കൗണ്ട് വഴിയാണ് പ്രതിഫലം വിതരണം ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ മാത്രം 1500 കുടകള്‍ വില്‍പന നടത്തി. ടെക്‌നോപാര്‍ക്കിലെ പ്രതിധ്വനി എന്ന സംഘടന ഓരോ കെട്ടിടത്തിലും വില്‍പന കേന്ദ്രങ്ങളൊരുക്കി വില്‍പനയില്‍ സഹായിക്കുന്നു.
അഗളി ഗ്രാമപഞ്ചായത്ത്, ത്രിതല പഞ്ചായത്തുകള്‍, ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി, വിവിധ സംഘടനകള്‍, എം എല്‍ എ മാര്‍, കൊച്ചിന്‍ ഷിപ്‌യാര്‍ഡ് എന്നിവിടങ്ങളില്‍ നിന്നും കാര്‍ത്തുമ്പി കുടകള്‍ക്ക് ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു. പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ഓഫീസ് ജീവനക്കാരും കാര്‍ത്തുമ്പി കുടകള്‍ വാങ്ങി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
കാര്‍ത്തുമ്പി കുടകള്‍ ഓണ്‍ലൈനിലും ലഭ്യമാണ്. www.karthumbi.com എന്ന വെബ്‌സൈറ്റിലൂടെ കുടകള്‍ക്ക് ഓര്‍ഡര്‍ നല്‍കാം.
Discussion about this post