സിംഗപ്പൂര്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണത്തലവന്‍ കിം ജോങ് ഉന്നും തമ്മില്‍ നടത്തിയ ആദ്യ കൂടിക്കാഴ്ച വിജയകരം. രാവിലെ 6.30ന് സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ആദ്യം നടത്തിയ വണ്‍ഓണ്‍വണ്‍ ചര്‍ച്ച വളരെ നന്നായിരുന്നുവെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഉത്തര കൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്നും അക്കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പഴയകാല മുന്‍വിധികളും വ്യവഹാരങ്ങളും ഞങ്ങളുടെ മുന്നില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. അവയൊക്കെ മറികടന്നാണ് ഇന്നിപ്പോള്‍ ഇവിടെയെത്തിയിരിക്കുന്നതെന്നായിരുന്നു കിമ്മിന്റെ പ്രതികരണം.
ആണവ നിരായുധീകരണമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള രണ്ടാമത്തെ ചര്‍ച്ചയ്ക്കു മുന്‍പ് ഇതിനായി ഒന്നിച്ചുപ്രവര്‍ത്തിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. ഉച്ചകോടിയെക്കുറിച്ചുള്ള അവിശ്വാസങ്ങളും ഊഹാപോഹങ്ങളും ഞങ്ങള്‍ മറികടക്കുമെന്നും സമാധാനത്തിലേക്കുള്ള മികച്ച ചുവടുവയ്പ്പായിരിക്കും ഇതെന്നാണു വിശ്വാസമെന്നും കിം ജോങ്ങും പ്രതികരിച്ചു. വണ്‍ഓണ്‍വണ്‍ കൂടിക്കാഴ്ചയ്ക്കുശേഷം പ്രതിനിധികളുമൊത്താണ് രണ്ടാമത്തെ കൂടിക്കാഴ്ച.
സ്വകാര്യമായി ഇരുനേതാക്കന്മാരും പരിഭാഷകരും മാത്രമായിട്ടായിരുന്നു ആദ്യ ചര്‍ച്ച. ചരിത്രത്തിലാദ്യമായിട്ടാണ് യുഎസ് പ്രസിഡന്റും ഉത്തരകൊറിയന്‍ മേധാവിയും നേരില്‍ കാണുന്നത്. ഫോണില്‍ പോലും രണ്ടു രാജ്യങ്ങളിലെയും ഭരണാധികാരികള്‍ ഇതുവരെ സംസാരിച്ചിട്ടില്ല.
Discussion about this post