ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവച്ചു. ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറി. മെഹബൂബ സര്‍ക്കാരിന് ഉണ്ടായിരുന്ന പിന്തുണ ബിജെപി പിന്‍വലിച്ചതോടെയാണ് മുഖ്യമന്ത്രി രാജി വച്ചത്.
കശ്മീരില്‍ ഗവര്‍ണര്‍ ഭരണത്തിനാണ് സാധ്യത. 87 അംഗ നിയമസഭയില്‍ പിഡിപിയ്ക്ക് 28ഉം ബിജെപിക്ക് 25 അംഗങ്ങളുമാണുള്ളത്. കോണ്‍ഗ്രസിന് 12 അംഗങ്ങളുമുണ്ട്.
പിഡിപിയുമായി ഇനി സഖ്യം തുടരാനാകില്ലെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് ആണ് മാദ്ധ്യമങ്ങളെ അറിയിച്ചത്. കശ്മീരില്‍ വിഘടനവാദവും തീവ്രവാദവും വര്‍ദ്ധിച്ചിരിക്കുകയാണ്. മൂന്നു വര്‍ഷമായിട്ടുള്ള ബന്ധം തുടരാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. വികസനത്തിനാകുന്നതെല്ലാം മോദി സര്‍ക്കാര്‍ ചെയ്തു. 80000 കോടി രൂപയുടെ സഹായമാണ് കശ്മീരിന് നല്‍കിയത്. അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലായെന്നും രാംമാധവ് കൂട്ടിച്ചേര്‍ത്തു.
കശ്മീരില്‍ നിന്നുള്ള ബിജെപി എംഎല്‍എമാരുടെ യോഗത്തിന് ശേഷമാണ് വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തത്. 2014ലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു ഇരു പാര്‍ട്ടികളും തമ്മില്‍ സഖ്യം രൂപീകരിച്ചത്.
Discussion about this post