ശ്രീനഗര്‍ : കശ്മീര്‍ താഴ്വരയില്‍ ഭീകര സംഘങ്ങളെ നേരിടാന്‍ ഭാരതത്തിന്റെ ‘സുദര്‍ശന ചക്രം’എന്നറിയപ്പെടുന്ന ദേശീയ സുരക്ഷ സേന എത്തുന്നു. കഴിഞ്ഞ കുറച്ചു കാലമായി ഈ വിഭാഗത്തിലുള്ള എന്‍.എസ്.ജി കമാന്‍ഡോകള്‍ താഴ്വരയില്‍ പരിശീലനം നടത്തിവരികയാണ്. ഇവര്‍ ഭീകരവിരുദ്ധ പോരാട്ടത്തില്‍ പങ്കാളികളാകുമെന്നും ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
കശ്മീര്‍ ഗവര്‍ണര്‍ ഭരണത്തിലായതോടെ ഭീകര വിരുദ്ധ നീക്കങ്ങള്‍ കൂടുതല്‍ ശക്തമാകും. ഓപ്പറേഷന്‍ ഓള്‍ ഔട്ട് വീണ്ടും ആരംഭിക്കാനാണ് സൈന്യത്തിന്റെ തീരുമാനം. അതിര്‍ത്തിയില്‍ പാക് വെടിവെപ്പിനെതിരെ ശക്തമായി പ്രതികരിക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
ഭീകര വിരുദ്ധ നീക്കത്തിനിടെ സൈനികര്‍ കൊല്ലപ്പെടുന്നത് ഒഴിവാക്കാനാണ് കൂടുതല്‍ ആധുനിക പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കിയ ഭാരതത്തിന്റെ അഭിമാനമായ എന്‍.എസ്.ജിയുടെ ഒരു വിഭാഗത്തെ നിയമിക്കുന്നത്. ഇത് സൈനികരുടെ ഭീകര വിരുദ്ധ നീക്കത്തിന്റെ ശക്തിയും തീവ്രതയും പല മടങ്ങ് വര്‍ദ്ധിപ്പിക്കുമെന്നാണ് നിരീക്ഷണം.
കൊടും കാടുകള്‍ക്കിടയിലും മറ്റ് കേന്ദ്രങ്ങളിലും ഒളിച്ചിരുന്ന് യുദ്ധം നയിക്കുന്ന ഭീകരരെ നേരിടാന്‍ ദൂരെയുള്ള ലക്ഷ്യങ്ങളെ ഭേദിക്കാന്‍ ശേഷിയുള്ള സ്‌നൈപ്പറിനെ ഉപയോഗിക്കും.
എം.പി 5 സബ് മെഷീന്‍ ഗണ്ണുകള്‍, ആധുനിക സ്‌നൈപ്പര്‍ റൈഫിളുകള്‍, കെട്ടിടത്തിന് അധികം കേടുപാടു തട്ടാതെ സ്‌ഫോടനം നടത്താന്‍ കഴിയുന്ന സി4 സ്‌ഫോടക വസ്തുക്കള്‍ തുടങ്ങിയവ എന്‍.എസ്.ജിയുടെ ഭീകര വിരുദ്ധ നീക്കത്തിനു സഹായകമാകും.
Discussion about this post