ന്യൂഡല്‍ഹി: അടിയന്തരാവസ്ഥാകാലം ഇരുണ്ട കാലഘട്ടമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കുടുംബത്തിന്റെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി രാജ്യത്തെ ഒരു ജയിലാക്കി മാറ്റുകയായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അടിയന്തരാവസ്ഥയുടെ 43-ാം വാര്‍ഷിക ദിനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെഹ്റു കുടുംബത്തെയും കോണ്‍ഗ്രസിനെയും കടുത്ത ഭാഷയിലാണ് പ്രധാനമന്ത്രി വിമര്‍ശിച്ചത്.
രാജ്യത്തിന്റെ സുവര്‍ണ ചരിത്രത്തിലെ കറുത്ത ഏടായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപനം. ഇതിലൂടെ കോണ്‍ഗ്രസിനെ വിലയിരുത്താനുള്ള അവസരം മാത്രമല്ല കിട്ടിയത്. മറിച്ച് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുക കൂടിയായിരുന്നു. ഭരണഘടനയെ കുറിച്ച് കോണ്‍ഗ്രസ് ജനങ്ങള്‍ക്കിടയില്‍ അനാവശ്യമായ മിഥ്യാധാരണകളും പേടിയും പരത്തുകയായിരുന്നു. പട്ടികജാതിക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഇത് അപകടമുണ്ടാക്കുമെന്ന് അവര്‍ പ്രചരിപ്പിച്ചു.
സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി അവര്‍ പാര്‍ട്ടിയെ തകര്‍ത്തു കളഞ്ഞെന്നും മോദി ആരോപിച്ചു. സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കു വേണ്ടി അവര്‍ ഈ രാജ്യത്തെ ഒരു ജയിലാക്കി മാറ്റുകയായിരുന്നു. പ്രതിപക്ഷ നേതാക്കളെയെല്ലാം അവര്‍ ജയിലിലടച്ചു.
ആ കാലഘട്ടത്തില്‍ ജനങ്ങള്‍ക്ക് യാതൊരു സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല. അടിയന്തരാവസ്ഥയെ അതിജീവിച്ച എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. നമ്മുടെ ജനാധിപത്യ മൂല്യങ്ങളെ കൂടുതല്‍ ശക്തമാക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും, ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളെ ഒരു ശക്തിക്കും തകര്‍ക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post