തിരുവനന്തപുരം: സാംസ്‌ക്കാരിക വകുപ്പ് യുവ കലാകാരന്മാര്‍ക്ക് വജ്ര ജൂബിലി ഫെലോഷിപ്പ് നല്‍കും. ക്ലാസിക്കല്‍, നാടോടി, സമകാലീന കലാരൂപങ്ങളില്‍ പരിശീലനം നേടിയ യുവകലാകാരന്മാര്‍ക്കാണ് പ്രതിമാസം 10,000 രൂപയുടെ ഫെലോഷിപ്പ് നല്‍കുന്നത്. ഫെലോഷിപ്പ് ലഭിക്കുന്ന കലാകാരന്മാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള കമ്മ്യൂണിറ്റി കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കലാവിഷയങ്ങളില്‍ പരിശീലനം നല്‍കും.
കലാരൂപങ്ങളെ ക്ലാസിക്കല്‍ കലകള്‍, അഭിനയ കല, ചിത്രകല, ശില്പകല തുടങ്ങിയ ലളിതകലകള്‍, ഫോക്‌ലോര്‍ കലാരൂപങ്ങള്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തരംതിരിച്ച് 34 കലാരൂപങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടിയാട്ടം, കഥകളി, മേളം, സംഗീതം, നാടകം, ചിത്രരചന, ശില്പകല, ചുമര്‍ ചിത്രകല, ന്യൂമീഡിയ, തെയ്യം, തിറ, പൂരക്കളി, മുടിയേറ്റ്, പടയണി, വഞ്ചിപ്പാട്ട്, ഗദ്ദിക, തോല്‍പ്പാവക്കൂത്ത്, കാക്കാരശ്ശി നാടകം, കഥാപ്രസംഗകല, ഇന്ദ്രജാലം തുടങ്ങിയ കലാരൂപങ്ങളില്‍ പ്രാവീണ്യമുള്ള 1000 കലാകാരന്മാരെ സംസ്ഥാനത്തെമ്പാടുമായി വിന്യസിച്ച് കലാപരിശീലനം നല്‍കും. അടുത്ത ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്ന കലാകാരന്മാര്‍ ജൂണ്‍ 30 നകം www.keralaculture.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. ഫോക്‌ലോര്‍ കലാകാരന്മാര്‍ക്ക് 40 വയസ്സും മറ്റുള്ളവര്‍ക്ക് 35 വയസ്സുമാണ് ഉയര്‍ന്ന പ്രായപരിധി.
Discussion about this post