ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിയില്‍ നടുഭാഗം ചുണ്ടന്‍ ജേതാക്കള്‍. ചമ്പക്കുളം ചുണ്ടനെ ഫോട്ടോ ഫിനിഷില്‍ പിന്തള്ളിയാണ് നടുഭാഗം ജേതാക്കളായത്. മൂലം വള്ളംകളിയോടെ സംസ്ഥാനത്തെ ഈ വര്‍ഷത്തെ ജലമേളകള്‍ക്ക് തുടക്കമായി.
ഉത്സവാന്തരീക്ഷത്തിലാണ് സംസ്ഥാനത്തെ ജല മാമാങ്കങ്ങള്‍ക്ക് ഒദ്യോഗിക തുടക്കം കുറിച്ച് പമ്പയാറ്റില്‍ ചരിത്ര പ്രസിദ്ധമായ മൂലം വള്ളംകളിക്ക്് തുടക്കമായത്. ആദ്യം മനോഹരമായ മാസ് ഡ്രില്‍. ഔദ്യോഗിക ഉദ്ഘാടനത്തിനു ശേഷം ജല പോരാട്ടം. കേരളത്തിലെ പ്രമുഖരായ ആറ് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 22 കളിവള്ളങ്ങള്‍ വീറും വാശിയുമായി മത്സരിച്ചു. ഒടുവില്‍ എന്‍ബിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ രാജ പ്രമുഖന്‍ ട്രോഫിയില്‍ മുത്തമിട്ടു.
തൊട്ട് പിന്നിലായി യുബിസി കൈനകരിയുടെ ചമ്പക്കുളം രണ്ടാം സ്ഥാനത്ത്. കന്നിയങ്കത്തിന് ഇറങ്ങിയ കേരള പൊലീസ് ടീം മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. പരാതി രഹിതമാക്കാന്‍ നെഹ്റു ട്രോഫി മാതൃകയില്‍ നൂതന ടൈമിംഗ് സമ്പ്രദായം ആദ്യമായി ഉപയോഗിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ വള്ളം കളിയ്ക്കുണ്ട്.
ചമ്പക്കുളത്ത് മാപ്പിളശേരി തറവാട്ടില്‍ നിന്ന് ജലഘോഷയാത്രയായി അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് പ്രതിഷ്ഠാ വിഗ്രഹം കൊണ്ടുപോയതിന്റെ ചരിത്ര സ്മരണയായാണ് നാലു ശതാബ്ദത്തിലേറെയായി പാരമ്പര്യ പെരുമയില്‍ മൂലം വള്ളംകളി നടക്കുന്നത്.
Discussion about this post