തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായാനുകൂല അന്തരീക്ഷവും ഇവിടത്തെ സാധ്യതകളും കൃത്യമായി തിരിച്ചറിഞ്ഞ് നിസാന്‍ കമ്പനി എത്തുന്നത് മറ്റു വ്യവസായികള്‍ക്ക് മാതൃകയാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നിസാന്‍ ഡിജിറ്റല്‍ ഹബിനുള്ള ആദ്യഘട്ട ഭൂമി കൈമാറ്റത്തിന്റെ ധാരാണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല മലയാളി വ്യവസായ പ്രമുഖരും പുതുസംരംഭങ്ങള്‍ക്ക് കേരളത്തെ തിരഞ്ഞെടുക്കുന്നതില്‍ വിമുഖത കാട്ടുന്ന വേളയിലാണ് നിസാന്‍ ഡിജിറ്റല്‍ ഹബ് ആരംഭിക്കുന്നതിന് കമ്പനിയുടെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായ ആന്റണി തോമസ് മുന്നോട്ടു വരുന്നത്. നിസാന്‍ ഡിജിറ്റല്‍ ഹബ് വളരുകയും അഭൃവൃദ്ധിപ്പെടുകയും ചെയ്യണം എന്നതില്‍ സര്‍ക്കാരിന് നിര്‍ബന്ധബുദ്ധിയുണ്ട്. അതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും. കഴിഞ്ഞ ഒക്ടോബറില്‍ രാഷ്ട്രപതി നോളജ് സിറ്റിക്ക് തറക്കല്ലിട്ട് മാസങ്ങള്‍ക്കുള്ളില്‍ ശ്രദ്ധേയമായ സംരംഭം യാഥാര്‍ത്ഥ്യമാവുകയാണ്. പറയുന്ന കാര്യങ്ങള്‍ നടപ്പാവും എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണിത്.
നിസാന്‍ ഡിജിറ്റല്‍ ഹബ് പൂര്‍ണ വളര്‍ച്ചയെത്തുന്ന മുറയ്ക്ക് അനുബന്ധ വികസനവും തൊഴില്‍ സാധ്യതകളും ഉണ്ടാവും. അത് കേരളത്തിന്റെ പൊതുവായ വികസനത്തിനുള്ള അന്തരീക്ഷം ഒരുക്കും. എഴുപത് ഏക്കറിലാണ് ഡിജിറ്റല്‍ ഹബ് ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 30 ഏക്കര്‍ സ്ഥലമാണ് കൈമാറുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി പോള്‍ ആന്റണിയും നിസാന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആന്റണി തോമസും ധാരാണാപത്രം ഒപ്പുവച്ചു. സര്‍ക്കാരിന്റെ ചുവപ്പുനാട ഈ പദ്ധതിക്ക് തടസം സൃഷ്ടിക്കില്ലെന്ന് ചീഫ് സെക്രട്ടറി പോള്‍ ആന്റണി പറഞ്ഞു.
ഈ വര്‍ഷം അവസാനത്തോടെ 500 പേര്‍ക്ക് തൊഴില്‍ ലഭ്യമാകുന്ന തരത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് നിസാന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആന്റണി തോമസ് പറഞ്ഞു. പുതിയ സംരംഭം തുടങ്ങുന്നതിന്റെ ഭാഗമായി ജാപ്പാന്റെ പാരമ്പര്യ വിശ്വാസം അനുസരിച്ച് ഡര്‍മ ഡോളിന് മുഖ്യമന്ത്രിയും ആന്റണി തോമസും ചേര്‍ന്ന് കണ്ണുകള്‍ വരച്ചു. ഐ. ടി സെക്രട്ടറി ശിവശങ്കര്‍, ടെക്നോപാര്‍ക്ക് സി. ഇ. ഒ ഋഷികേശ് നായര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, നിസാന്‍ കമ്പനി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.
Discussion about this post