ബാങ്കോക്ക്: തായ്ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ ടീം അംഗങ്ങളെയും കോച്ചിനേയും പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ രണ്ടാം ഘടത്തിന് തുടക്കമായി. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാവിലെ എട്ടരയ്ക്കാണ് ദൗത്യത്തിന് തുടക്കം കുറിച്ചത്.
ഗുഹയില്‍ ഓക്‌സിജന്‍ കുറവായതുമൂലം ഞായറാഴ്ച രക്ഷാപ്രവര്‍ത്തനം പത്തു മണിക്കൂര്‍ നിര്‍ത്തിവച്ചിരുന്നു. ഞായറാഴ്ച നാലു കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. മറ്റു കുട്ടികളെയും കോച്ചിനെയും ഇന്നു പുറത്തെത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. 12 കുട്ടികളും കോച്ചുമാണ് 16 ദിവസം ഗുഹയില്‍ അകപ്പെട്ടത്. ജൂണ്‍ 23നാണ് വൈല്‍ഡ് ബോര്‍ ഫുട്‌ബോള്‍ ടീമിലെ 11 മുതല്‍ 16 വരെ പ്രായമുള്ള കുട്ടികളും ഇരുപത്തിയഞ്ചുകാരനായ കോച്ചും വടക്കന്‍ തായ്ലന്‍ഡിലെ തം ലുവാംഗ് ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയത്. അപ്രതീക്ഷിത വെള്ളപ്പൊക്കത്തെത്തുടര്‍ന്നായിരുന്നു ഇവര്‍ ഗുഹയ്ക്കുള്ളില്‍ അകപ്പെട്ടത്. മഴയില്‍ ഗുഹാമുഖം അടഞ്ഞതോടെ പുറത്തേക്കു വരാന്‍ കഴിയാതായി.
എട്ടു കിലോമീറ്റര്‍ നീളവും നിരവധി വഴികളും അറകളുമുള്ള തം ലുവാംഗ് ഗുഹ മഴക്കാലത്ത് വെള്ളത്തില്‍ മുങ്ങുക പതിവാണ്. ഗുഹയില്‍ വെള്ളം ഉയര്‍ന്നതോടെ കുട്ടികള്‍ ഗുഹാമുഖത്തുനിന്ന് നാലു കിലോമീറ്റര്‍ ഉള്ളിലേക്കു പോയി. ഇതോടെ രക്ഷാപ്രവര്‍ത്തനം സാധ്യമല്ലാതായി. രക്ഷാപ്രവര്‍ത്തനത്തിനിടെ തായ് മുന്‍ നാവികസേനാംഗവും മുങ്ങല്‍ വിദഗ്ധനുമായ സമാന്‍ ഗുണാന്‍ വെള്ളിയാഴ്ച പ്രാണവായു കിട്ടാതെ മരിച്ചത് രക്ഷാപ്രവര്‍ത്തകരെയാകെ ആശങ്കയിലാഴ്ത്തി. ബ്രിട്ടീഷ് മുങ്ങല്‍ വിദഗ്ധരാണു കഴിഞ്ഞ തിങ്കളാഴ്ച കുട്ടികളെ കണ്ടെത്തിയത്.
Discussion about this post