ബാങ്കോക്ക്: പതിനേഴ് ദിവസത്തെ ആശങ്കയ്ക്കു വിരാമമിട്ട് തായ്‌ലണ്ടിലെ താം ലുവാങ് നാം ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളും കോച്ചും സുരക്ഷിതരായി പുറത്തെത്തി. രക്ഷപ്പെട്ട കുട്ടികളെല്ലാം ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി എട്ടു കുട്ടികളെ മുങ്ങല്‍വിദഗ്ധരടങ്ങുന്ന സംഘം പുറത്തെത്തിച്ചിരുന്നു. ഇന്ന് മൂന്ന് കുട്ടികളെയും കോച്ചിനെയുമാണ് പുറത്തെത്തിച്ചത്. ഇതോടെ ആശങ്കകള്‍ക്ക് പൂര്‍ണ വിരാമമായി.
കഴിഞ്ഞ ദിവസങ്ങളില്‍ ഗുഹയ്ക്കുള്ളില്‍ നിന്ന് പുറത്തെത്തിച്ച എട്ടു കുട്ടികളുടെയും ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി ജെസാദ ചോകെദാംറോങ്‌സുക്ക് പറഞ്ഞു. ഇവര്‍ക്ക് രക്തപരിശോധന നടത്തിയിരുന്നു. ഇതില്‍ ന്യൂമോണിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രണ്ടു കുട്ടികള്‍ക്ക് ചികിത്സ നല്‍കി. കുട്ടികള്‍ ഒരാഴ്ച നിരീക്ഷണത്തില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ജൂണ്‍ 23നാണ് 16 വയസില്‍ താഴെയുള്ളവരുടെ ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളായ കുട്ടികളും അവരുടെ പരിശീലകനുമടക്കം 13 പേര്‍ ഗുഹയില്‍ കുടുങ്ങിയത്.
Discussion about this post