പാണ്ഡവരുടെ വനവാസകാലം. രാജാധികാരവും സര്‍വ്വ സുഖങ്ങളും അനുഭവിക്കേണ്ട അവര്‍ എല്ലാ പ്രയാസങ്ങളും അനുഭവിച്ചു കാട്ടില്‍ കഴിയേണ്ടി വന്നു. കൂടെ വന്നവര്‍ക്ക് ആഹാരം കൊടുക്കാന്‍ പോലും അവര്‍ക്ക് കഴിഞ്ഞില്ല. ദു:ഖിതനായ യുധിഷ്ഠിരന്‍ സൂര്യഭഗവാനെ മനം നൊന്ത് പ്രാര്‍ഥിച്ചു. സൂര്യഭഗവാന്‍ അനുഗ്രഹിച്ചു ഒരു അക്ഷയപാത്രം നല്‍കി. ആ പാത്രത്തിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. അതില്‍ നിന്നു ഒരു ദിവസം എത്ര പേര്‍ക്ക് വേണമെങ്കിലും സ്വാദിഷ്ടമായ ആഹാരം നല്കാന്‍ കഴിയും. എന്നാല്‍ ദ്രൗപദി ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ പിന്നെ അതില്‍ നിന്നു ഒന്നും കിട്ടുകയില്ല. എങ്കിലും പാണ്ഡവര്‍ സന്തുഷ്ടരായി.
ഈ വിവരം അറിഞ്ഞു ദുഷ്ടനായ ദുര്യോധനന്‍ അസൂയാലുവായി. എങ്ങിനെ ഇനിയും പാണ്ഡവരെ ദ്രോഹിക്കണം എന്നു ചിന്തിച്ച് തുടങ്ങി. അപ്പോഴാണ് ക്ഷിപ്രകോപിയായ ദുര്‍വ്വാസാവ് മഹര്‍ഷി അവിടെ എത്തുന്നത്. അദ്ദേഹത്തെ സല്‍ക്കരിച്ചു സന്തോഷിപ്പിച്ചു. അതീവ തൃപ്തനായ മഹര്‍ഷി എന്തു വരമാണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ ദുര്യോധനന്‍ ആ സന്ദര്‍ഭം പാണ്ഡവര്‍ക്ക് എതിരായി ഉപയോഗിക്കാന്‍ തീരുമാനിച്ചു. തനിക്ക് പ്രത്യേകിച്ചു വരം ഒന്നും വേണ്ടെന്നും എന്നാല്‍ തന്റെ സഹോദരന്മാരായ പാണ്ഡവര്‍ താമസിക്കുന്ന വനത്തില്‍ പോയി അവരെയും അനുഗ്രഹിക്കണം എന്നും അപേക്ഷിച്ചു. വെയില്‍ ആറിക്കഴിഞ്ഞു എല്ലാ ശിഷ്യന്മാരുമായി ചെല്ലണം എന്നു പ്രത്യേകം എടുത്തു പറഞ്ഞു. അപ്പോഴേക്കും ദ്രൗപദി ഭക്ഷണം കഴിച്ചു കഴിയും എന്നും പിന്നീട് മഹര്‍ഷിക്കും ശിഷ്യന്മാര്‍ക്കും ഒന്നും നല്കാന്‍ കഴിയാതെ വരുമ്പോള്‍ മഹര്‍ഷി അവരെ ശപിച്ചു കൊള്ളും എന്നും ദുര്യോധനന്‍ മനസ്സില്‍ സങ്കല്‍പ്പിച്ചു സന്തോഷിച്ചു.
അതനുസരിച്ച് ഒരു ദിവസം ദുര്‍വ്വാസാവ് മഹര്‍ഷി തന്റെ പതിനായിരം ശിഷ്യന്മാരുമായി ഉച്ച കഴിഞ്ഞു വനത്തില്‍ എത്തി. അപ്പോഴേക്കും ദ്രൗപദി ആഹാരം കഴിച്ചു കഴിഞ്ഞിരുന്നു. മഹര്‍ഷി വന്ന ഉടന്‍ തന്നെ തങ്ങള്‍ നദിയില്‍ സ്‌നാനം കഴിഞ്ഞു എത്തുമ്പോള്‍ സദ്യ തയാറായിരിക്കണം എന്നു പറഞ്ഞു നദിക്കരയിലേക്ക് പോയി. ദ്രൗപദി ഞെട്ടി വിറച്ചു. താന്‍ ആഹാരം കഴിച്ചു കഴിഞ്ഞല്ലോ. ഇനി ഈ പാത്രത്തില്‍ നിന്നു ഒന്നും കിട്ടില്ല. മഹര്‍ഷി തിരിച്ചു വന്നു തങ്ങളെ ശപിച്ചു ഭസ്മം ആക്കും. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും തുണയാകുന്ന, അഭയം ആകുന്ന ശ്രീകൃഷ്ണ ഭഗവാനെ മനസ്സില്‍ സങ്കല്‍പ്പിച്ചു പ്രാര്‍ഥിച്ചു.
അപ്പോള്‍ അകലെ നിന്നു വിശ്വവശ്യമായ ആ മുരളീനാദം കേട്ടു തുടങ്ങി. അതാ, ഭഗവാന്‍ ഇങ്ങോട്ട് വരുന്നു. ദ്രൗപദിക്ക് ആശ്വാസമായി. ദ്രൗപദി തന്റെ പ്രയാസം പറയാന്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ ഭഗവാന്‍ പറഞ്ഞു: ”ദ്രൗപദീ! എനിക്കു വല്ലാതെ വിശക്കുന്നു. എന്തെങ്കിലും കഴിക്കാന്‍ തരൂ ?”
ദ്രൗപദി വല്ലാതെ വിഷമിച്ചു. തന്നെ ഈ പ്രതിസന്ധിയില്‍ നിന്നു രക്ഷിക്കുമെന്ന് കരുതിയ ശ്രീകൃഷ്ണന്‍ തന്നെ പരീക്ഷിക്കുകയാണോ?
ദ്രൗപദി പറഞ്ഞു:- ”ഭഗവാനെ! ഞാന്‍ ആഹാരം കഴിച്ചു കഴിഞ്ഞു. ഇനി അക്ഷയപാത്രത്തില്‍ ഒന്നുമില്ല.”
ഭഗവാന്‍ പറഞ്ഞു:-”പാത്രം ഇങ്ങ് കൊണ്ട് വരൂ; .ഞാന്‍ ഒന്നു നോക്കട്ടെ.”
ദ്രൗപദി അക്ഷയപാത്രം എടുത്തുകൊണ്ടു വന്നു. ശ്രീകൃഷ്ണന്‍ തന്റെ കരുണാര്‍ദ്രമായ നയനങ്ങള്‍ കൊണ്ട് പാത്രത്തിലേക്ക് നോക്കി. തൃക്കൈ കൊണ്ട് പാത്രത്തില്‍ പറ്റിപ്പിടിച്ചിരുന്ന ഒരു ചീരയില എടുത്തു വായിലേക്ക് ഇട്ടുകൊണ്ട് പറഞ്ഞു:- ”ദാ, ഇത് ധാരാളം മതി. എന്റെ വിശപ്പ് മാറി.”
പിന്നീട് ഭഗവാന്‍ ഭീമസേനനോടു പറഞ്ഞു:- ”ഭീമന്‍ നദിക്കരയില്‍ പോയി ദുര്‍വ്വാസാവിനോടും ശിഷ്യരോടും സദ്യ തയാറായിട്ടുണ്ടെന്ന് പറയൂ.”
ഭീമന്‍ ഒന്നും മനസ്സിലാകാതെ ഭഗവാന്റെ കല്‍പ്പന അനുസരിച്ചു നദിക്കരയില്‍ ചെന്നു. എന്നാല്‍ ഭഗവാന്‍ ചീരയില ഭക്ഷിച്ച സമയത്ത് മഹര്‍ഷിക്കും ശിഷ്യര്‍ക്കും വിഭവസമൃദ്ധമായ സദ്യ കഴിച്ചതു പോലെ തോന്നി. മഹര്‍ഷി ഭീമസേനനോടു പറഞ്ഞു:- ”ഭീമാ! ഞങ്ങള്‍ക്ക് ഒട്ടും വിശപ്പില്ല. വയര്‍ നിറഞ്ഞു പൊട്ടാറായത് പോലെ തോന്നുന്നു. ഞങ്ങള്‍ തിരിച്ചു പോവുകയാണ്. നിങ്ങള്‍ക്ക് മംഗളം ഭവിക്കട്ടെ.”
ഭീമന്‍ മടങ്ങിയെത്തി വിവരം പറഞ്ഞപ്പോള്‍ ദ്രൗപദിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഒരു മന്ദഹാസത്തോടെ നടന്നകലുന്ന ശ്രീകൃഷ്ണനെ നോക്കി ദ്രൗപദിയുടെ മനസ്സ് മന്ത്രിച്ചു.”ഭഗവാനേ!. കാരുണ്യത്തിന്റെ അക്ഷയപാത്രം അങ്ങ് തന്നെ ആണല്ലോ!”
Discussion about this post