കൊച്ചി: മഴക്കെടുതി നാശം വിതച്ച മേഖലകളില്‍ ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു. മഴ മൂലമുണ്ടായ നാശം നേരിടുന്നതിന് കേരളം ആവശ്യപ്പെട്ട 831.1 കോടിയുടെ കേന്ദ്ര സഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന കേന്ദ്ര മന്ത്രിതല സമിതി (ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മിറ്റി ) കേരളത്തിലെത്തി വിശദമായ പഠനം നടത്തും. സമിതിയുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്ര സഹായം അനുവദിക്കുക. മഴക്കെടുതി മൂലം ദുരിതത്തിലായ ചെല്ലാനം മേഖലയിലെ ജനപ്രതിനിധികളുമായും പ്രദേശവാസികളുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെല്ലാനത്തെ 17.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടലോര മേഖലയില്‍ കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മ്മിക്കുന്നതിന് അടിയന്തരമായി കേന്ദ്ര സഹായം ലഭ്യമാക്കണമെന്ന് ചെല്ലാനം പഞ്ചായത്ത് ഭരണസമിതി കേന്ദ്രമന്ത്രിയോടാവശ്യപ്പെട്ടു. 49 പുലിമുട്ടുകളെങ്കിലും ഈ മേഖലയില്‍ ആവശ്യമാണ്. രാജ്യാതിര്‍ത്തി എന്ന നിലയില്‍ പ്രത്യേക സംരക്ഷണം ആവശ്യമുള്ള പ്രദേശമാണിതെന്നും അതിര്‍ത്തി സംരക്ഷണത്തിനുള്ള പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. ചെല്ലാനം നിവാസികളുടെ ആവശ്യങ്ങള്‍ സംബന്ധിച്ച നിവേദനവും കേന്ദ്രമന്ത്രിക്ക് കൈമാറി.
വലിയ ദുരിതമാണ് കേരളത്തിലുണ്ടായതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ദുരിതമേഖലകള്‍ സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യം ബോധ്യമായി. നിരവധി നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. കൃഷിയിടങ്ങള്‍, വീടുകള്‍, നെല്‍പ്പാടങ്ങള്‍ തുടങ്ങിയവ വെള്ളത്തിനടിയിലായി. കുട്ടനാട് മേഖലയില്‍ നിരവധി കൃഷിനാശം സംഭവിച്ചു. മഴക്കെടുതിയെ തുടര്‍ന്ന് കേരളത്തിലുണ്ടായ നാശനഷ്ടങ്ങളുടെ സ്ഥിതി മനസിലാക്കുന്നു. ദുരിതാശ്വാസ കേന്ദ്രങ്ങളിലെ സ്ഥിതിയും വിലയിരുത്തി. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതില്‍ ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ വിഭാഗവും ജാഗ്രത പുലര്‍ത്തുന്നു. ഭക്ഷണം, മരുന്ന്, താമസം എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യമായ സ്ഥലങ്ങളില്‍ ജില്ല കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തിലെ അടിയന്തര സാഹചര്യം അതിന്റെ എല്ലാ പ്രാധാന്യത്തോടെയും മനസിലാക്കുന്നു. അടിയന്ത ആശ്വാസവും രക്ഷാ പ്രവര്‍ത്തനവും ഉറപ്പാക്കുകയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ആദ്യ പരിഗണന. പുനരധിവാസം, പുനര്‍ നിര്‍മ്മാണം, ദീര്‍കാലാടിസ്ഥാനത്തിലുള്ള അടിസ്ഥാന സൗകര്യമൊരുക്കല്‍ തുടങ്ങിയവയ്ക്ക് വിവിധ വകുപ്പുകളുടെ ഏകോപനവും സഹകരണവും ആവശ്യമാണ്. നഷ്ടങ്ങളുടെ കണക്ക് സംബന്ധിച്ച് വിശദമായ പഠനം നടത്തുന്നതിന് വിവിധ വകുപ്പുകളുടെ സംയോജിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര മന്ത്രിതല സമിതി പത്ത് ദിവസത്തിനുള്ളില്‍ കേരളത്തിലെത്തി പഠനം നടത്തും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിനാവശ്യമായ അധിക സഹായം മാനദണ്ഡങ്ങള്‍ക്ക് വിധേയമായി അനുവദിക്കും. ദുരിതശ്വാസ സഹായമായി 203 കോടി നേരത്തേ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസം 80 കോടിയും അനുവദിച്ചു. കൂടുതല്‍ പണം അനുവദിക്കുന്നത് സംയുക്ത സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും. കേരളത്തിനാവശ്യമായ അടിയന്തര സഹായം ഉടന്‍ ലഭ്യമാക്കും. ജനപ്രതിനിധികളില്‍ നിന്ന് നിരവധി നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതി നടപടി സ്വീകരിക്കും. നിലവില്‍ നാല് എന്‍ഡിആര്‍എഫ് സംഘങ്ങള്‍ കേരളത്തിലുണ്ട്. ഏതു സമയത്തും വിന്യസിക്കാന്‍ കഴിയും വിധം എയര്‍ഫോഴ്‌സ്, നേവി കര്‍ശന ജാഗ്രത പുലര്‍ത്തുന്നു. സംസ്ഥാനത്തിന്റെ അഭ്യര്‍ഥന പ്രകാരം കേരളത്തിന് എല്ലാ അടിയന്തര സഹായങ്ങളും ലഭ്യമാക്കുമെന്നും കിരണ്‍ റിജ്ജു ഉറപ്പുനല്‍കി.
കേന്ദ്രസംഘം സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ തൃപ്തികരമായ ദുരിതാശ്വാസ പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. മഴക്കെടുതി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. കേരളത്തിന്റെ അടിയന്തര ആശ്വാസത്തിനുള്ള പണം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കടല്‍ഭിത്തി, പുലിമുട്ട് നിര്‍മ്മാണം തുടങ്ങിയ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാരിന്റെ സഹകരണം ഉറപ്പാക്കി ശാശ്വതമായ പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദുരന്ത സമയത്ത് തന്നെ കേന്ദ്രസംഘമെത്തുന്നത് ഇതാദ്യമാണെന്നും ഇതിനെ സ്വാഗതം ചെയ്യുന്നുവെന്നും കൃഷി, കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കാര്‍ഷിക മേഖലയില്‍ 220 കോടിയടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. ഏകദേശം 21,000 ഹെക്ടര്‍ കൃഷി ഭൂമി നശിച്ചിട്ടുണ്ട്. ഇതില്‍ 14,000 ഹെക്ടര്‍ നെല്‍പ്പാടങ്ങളാണ്. 831.1 കോടിയുടെ നഷ്ടമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. സംയുക്ത സമിതിക്കു മുന്നില്‍ സമര്‍പ്പിക്കുന്നതിനുള്ള വിശദമായ കണക്കുകള്‍ തയാറാക്കി വരികയാണ്. കുട്ടനാട് മേഖലയിലെ മടവീഴ്ച മൂലം ദുരിതമനുഭവിക്കുന്നവര്‍ നിരവധിയാണ്. ബണ്ടുകള്‍ അടിയന്തരമായി പുനസ്ഥാപിക്കണം. 180 ഓളം പാടശേഖരങ്ങളാണ് നശിച്ചത്. സംസ്ഥാനത്ത് 400 വീടുകള്‍ പൂര്‍ണ്ണമായും 10400 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഒരു ലക്ഷത്തോളം പേര്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുകയാണ്. ഇവിടെ ഭക്ഷണം, മരുന്ന് തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കും. അടിയന്തര സാഹചര്യം നേരിടാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പ്രവര്‍ത്തനമാണ് ആവശ്യം. കടല്‍ക്ഷോഭം, ബണ്ട് നിര്‍മ്മാണം, പുലിമുട്ട് നിര്‍മ്മാണം, കടല്‍ഭിത്തി ശക്തിപ്പെടുത്തല്‍ എന്നിവയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഉദാരമായ സഹായം ആവശ്യമാണ്. സംസ്ഥാനം നടപ്പാക്കിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രം തൃപ്തി അറിയിച്ചതില്‍ സന്തോഷമുണ്ട്. എല്ലാ ദുരിതാശ്വാസ ക്യാപുകളും സര്‍വ്വ സജ്ജമാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Discussion about this post