തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പോലീസുകാര്‍ക്ക് വധശിക്ഷ. ഒന്നും രണ്ടും പ്രതികളായ കെ. ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്കാണ് തിരുവനന്തപുരം പ്രത്യേക സി ബി ഐ കോടതി ജഡ്ജി ജെ നാസര്‍ വധശിക്ഷ വിധിച്ചത്. കൂടാതെ ഇരുവര്‍ക്കും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയൊടുക്കുന്ന നാലുലക്ഷം രൂപ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയ്ക്കു നല്‍കണമെന്നും കോടതി വിധിച്ചു. ഇരുവരെയും റിമാന്‍ഡ് ചെയ്തു സ്പെഷല്‍ സബ് ജയിലിലേക്കു മാറ്റി. മറ്റു പ്രതികളായ മൂന്നു പൊലീസുകാര്‍ക്ക് മൂന്നുവര്‍ഷം വീതം തടവും വിധിച്ചു.
മൂന്നാംപ്രതി എഎസ്ഐ കെ.വി.സോമന്‍ വിചാരണ വേളയില്‍ മരിച്ചതിനാല്‍ ശിക്ഷ ബാധകമല്ല. നാലാം പ്രതി വി.പി.മോഹനനെ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. പ്രതികളായ ഡിവൈഎസ്പി അജിത് കുമാര്‍ മുന്‍ എസ് പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ് എന്നിവര്‍ക്കെതിരെ ഗൂഢാലോചന, കൃത്രിമരേഖ ചമയ്ക്കല്‍, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി പറഞ്ഞു. കൂറുമാറിയ മുഖ്യസാക്ഷി സുരേഷിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ കോടതി സിബിഐക്ക് അനുമതി നല്‍കി.
2005 സെപ്റ്റംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം ശ്രീകണ്‍ഠേശ്വരം പാര്‍ക്കില്‍നിന്നു കസ്റ്റഡിയിലെടുത്ത കിള്ളിപ്പാലം കീഴാറന്നൂര്‍ കുന്നുംപുറത്തു വീട്ടില്‍ ഉദയകുമാര്‍ (28)പോലീസ് മര്‍ദ്ദനത്തെത്തുടര്‍ന്ന് തുടയിലെ രക്തധമനികള്‍ പൊട്ടി മരിക്കുകയായിരുന്നു.
Discussion about this post