തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്ഥാപക പ്രസിഡന്റ് ലെഫ്.കേണല്‍ ഗോദവര്‍മ്മ രാജയുടെ പേരില്‍ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പരമോന്നത കായിക ബഹുമതിയായ ജി.വി.രാജ അവാര്‍ഡ് ഈ വര്‍ഷം പുരുഷ, വനിതാ വിഭാഗങ്ങളിലായി രണ്ട് പേര്‍ക്ക് നല്‍കും. മൂന്ന് ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. പുരുഷ വിഭാഗത്തില്‍ അന്താരാഷ്ട്ര ബാഡ്മിന്റണ്‍ (ഷട്ടില്‍) കായിക താരം രൂപേഷ് കുമാറും വനിതാ വിഭാഗത്തില്‍ അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് കായിക താരം അനില്‍ഡ തോമസുമാണ് അവാര്‍ഡിന് അര്‍ഹരായത്. ഒളിമ്പ്യന്‍ സുരേഷ് ബാബു മെമ്മോറിയല്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഫുട്‌ബോള്‍ പരിശീലനായ ഗബ്രിയല്‍ ഇ ജോസഫിനാണ്. ആഗസ്റ്റ് ഒന്നിന് വൈകുന്നേരം നാലിന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കും. വ്യവസായ കായിക യുവജന കാര്യ വകുപ്പു മന്ത്രി എ.സി.മൊയ്തീന്‍ അധ്യക്ഷത വഹിക്കും.
2016-17 ലെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മികച്ച ദൃശ്യ മാധ്യമ അവാര്‍ഡുകളും ചടങ്ങില്‍ സമ്മാനിക്കും. മികച്ച സ്‌പോര്‍ട്‌സ് ലേഖകനുള്ള അവാര്‍ഡ് പി.ജെ. ജോസിനും (മാതൃഭൂമി), മികച്ച ഫോട്ടോ ഗ്രാഫര്‍ അവാര്‍ഡ് മുസ്തഫ അബൂബേക്കറിനും (മാധ്യമം), മികച്ച സ്‌പോര്‍ട്‌സ് ബുക്ക് അവാര്‍ഡ് ജിജോ ജോര്‍ജിനും (ദേശാഭിമാനി) സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ സമ്മാനിക്കും.
മികച്ച കായികാദ്ധ്യാപകനുള്ള അവാര്‍ഡ് കോളേജ്തലത്തില്‍ ഫാദര്‍ ജോയ് പി.ടിയ്ക്കും (ക്രൈസ്റ്റ് കോളേജ്, ഇരങ്ങാലക്കുട), സ്‌കൂള്‍ തലത്തില്‍ സിജിന്‍ എന്‍.എസ് (എച്ച്.എസ്.എസ്.മൂണ്ടൂര്‍), മികച്ച കോളേജിനുള്ള അവാര്‍ഡ് തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജിന് സഹകരണ ദേവസ്വം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിക്കും.
Discussion about this post