തിരുവനന്തപുരം: കരട് സമ്മതിദായക പട്ടിക സെപ്തംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കുന്നതോടെ 2019 ജനുവരി ഒന്നിനോ അതിനുമുന്‍പോ പതിനെട്ടു വയസ് പൂര്‍ത്തിയാകുന്ന എല്ലാ പൗരന്മാര്‍ക്കും സമ്മദിദായക പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും പട്ടികയിലെ വിവരങ്ങളില്‍ നിയമാനുസൃത മാറ്റങ്ങള്‍ വരുത്തുന്നതിനും നടപടി ആരംഭിക്കും. അവകാശങ്ങള്‍/എതിര്‍പ്പുകള്‍ സെപ്തംബര്‍ ഒന്ന് മുതല്‍ ഒക്‌ടോബര്‍ 31 വരെ സ്വീകരിക്കുകയും. നവംബര്‍ 30ന് മുമ്പ് തീര്‍പ്പാക്കുകയും ചെയ്യും. അന്തിമ സമ്മതിദായക പട്ടിക 2019 ജനുവരി നാലിന് പ്രസിദ്ധീകരിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗത്തില്‍ വിശദീകരിച്ചു.
കൃത്യതയുള്ളതും അര്‍ഹരായ എല്ലാ പൗരന്മാര്‍ ഉള്‍ക്കൊളളുന്നതുമായ സമ്മദിദായക പട്ടിക തയ്യാറാക്കാനാണ് പുതുക്കല്‍ നടപടി ആരംഭിക്കുന്നത്. അന്തരിച്ച സമ്മദിദായകര്‍, സ്ഥിരമായി സ്ഥലം മാറിയവര്‍, നിശ്ചയിക്കപ്പെട്ടിട്ടുള്ള യോഗ്യത ഇല്ലാതെ കടന്ന് കൂടിയവര്‍, ഇരട്ടിപ്പ് എന്നിവ കണ്ടെത്തി പട്ടികയില്‍ നിന്നും ഒഴിവാക്കും. നിര്‍ണായകമായ സൂചനകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍ക്ക് (തഹസില്‍ദാര്‍/ബി.എല്‍.ഒ) നല്‍കണം. ദുര്‍ബല വിഭാഗം, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്നിവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ അത് ശ്രദ്ധയില്‍ കൊണ്ടു വരേണ്ടതാണ്.
സമ്മതിദായക പട്ടിക പുതുക്കുന്ന കാലയളവില്‍ ബൂത്ത് ലെവല്‍ ഓഫീസറുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ ഓരോ പോളിംഗ് സ്റ്റേഷനിലും ഒരു ബൂത്ത് ലെവല്‍ ഏജന്റിനെ നിയോഗിക്കണം.
Discussion about this post