വാഷിംഗ്ടണ്‍: അല്‍ ഖ്വെയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാകിസ്താനില്‍ അമേരിക്ക നടത്തിയ സൈനിക നടപടിയിലാണ് ലാദന്‍ കൊല്ലപ്പെട്ടതെന്ന് പ്രസിഡന്റ് ബരാക്ക് ഒബാമ അടിയന്തരമായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ പറഞ്ഞു. മൃതദേഹം അമേരിക്കന്‍ സൈന്യം കണ്ടെടുത്തായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2001 സെപ്തംബര്‍ 11 ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണം ഉള്‍പ്പെടെ നിരവധി തീവ്രവാദി ആക്രമണങ്ങളുടെ സൂത്രധാരനാണ് ലാദന്‍.
ലാദനെ പിടികൂടാനുള്ള പ്രത്യേക സൈനിക നടപടിയ്ക്ക് കഴിഞ്ഞ ആഴ്ചയിലാണ് തുടക്കം കുറിച്ചതെന്ന് ബരാക്ക് ഒബാമ പറഞ്ഞു. വടക്കന്‍ ഇസ്‌ലാമാബാദിലെ അബോട്ടാബാദില്‍ നടത്തിയ ആക്രമണത്തിലാണ് ലാദന്‍ കൊല്ലപ്പെട്ടത്. സെപ്തംബര്‍ 11 ആക്രമണത്തിന് ഇരയായവര്‍ക്ക് ഒരു ദശാബ്ദത്തിനുശേഷം നീതി ലഭിച്ചുവെന്ന് ബരാക്ക് ഒബാമ കൂട്ടിച്ചേര്‍ത്തു.
ഇസ്‌ലാമാബാദിന് സമീപം ഒളിച്ചുകഴിഞ്ഞ വീട്ടില്‍വച്ചാണ് ലാദന്‍ കൊല്ലപ്പെട്ടത്. ലാദന്‍ മരിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് ജനക്കൂട്ടം വൈറ്റ്ഹൗസിനുമുന്നില്‍ തടിച്ചുകൂടി. സൗദിയില്‍ ജനിച്ച ലാദനെ പിടികൂടാന്‍ 2001 മുതല്‍ അമേരിക്ക ശ്രമം നടത്തുകയാണ്. സെപ്തംബര്‍ 11 ആക്രമണത്തിനു പുറമെ 1998 ല്‍ കെനിയയിലെയും ടാന്‍സാനിയയിലെയും അമേരിക്കന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ക്കുനേരെ നടന്ന ആക്രമണം, 2000 ല്‍ യമനില്‍വച്ച് അമേരിക്കന്‍ യുദ്ധക്കപ്പലായ യു.എസ്.എസ് കോളിനുനേരെ ഉണ്ടായ ബോംബാക്രമണം എന്നിവയുടെ സൂത്രധാരനും ബിന്‍ ലാദനാണെന്നാണ് അമേരിക്ക കരുതുന്നത്.
Discussion about this post