വൈത്തിരി: കനത്ത മഴയില്‍ സംസ്ഥാനത്ത് മലയോരമേഖലകളിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലും എട്ടു പേര്‍ മരിച്ചു. 14 പേരെ കാണാതായി. ഇടുക്കി അടിമാലിയില്‍ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ നാലു പേരും കഞ്ഞിക്കുഴി പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടലില്‍ രണ്ടു പേരുമാണ് മരിച്ചത്. വയനാട് വൈത്തിരിയിലും മലപ്പുറം ചെട്ടിയം പറമ്പിലും ഓരോരുത്തര്‍ വീതം മരിച്ചിട്ടുണ്ട്. വയനാട് വൈത്തിരി പോലീസ് സ്റ്റേഷന് സമീപം ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു. റോഡിലേക്ക് മണ്ണ് ഒലിച്ച് എത്തിയതിനെ തുടര്‍ന്ന് കോഴിക്കോട്-മൈസൂര്‍ പാതയില്‍ വാഹന ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. നേരത്തേ, കുറ്റ്യാടി ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരുന്നു. കോഴിക്കോട് 12 സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടിയതായാണ് വിവരം. വനമേഖലകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. കണ്ണപ്പന്‍കുണ്ടില്‍ ഉരുള്‍പൊട്ടി ഒരു കുട്ടിയെ കാണാതാകുകയും ചെയ്തു. ഒരു കാര്‍ ഒലിച്ചുപോയതായും റിപ്പോര്‍ട്ടുണ്ട്. മലപ്പുറം കാളികാവ് കരുവാരക്കുണ്ടിലും ഉരുള്‍പൊട്ടലുണ്ടായി. മഴ ശക്തമായതിനെ തുടര്‍ന്ന് ഇവിടങ്ങളില്‍നിന്നും നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പട്ടു. കോഴിക്കോട്, മലപ്പുറം, വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരോ സംഘം വീതം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി തിരിച്ചിട്ടുണ്ട്.
Discussion about this post