ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധി ഇനി ഓര്‍മ. പ്രിയനേതാവിന്റെ മൃതദേഹം പതിനായിരങ്ങളെ സാക്ഷിയാക്കി പൂര്‍ണ ദേശീയ ബഹുമതികളോടെ മറീന ബീച്ചില്‍ സംസ്‌കരിച്ചു. രാത്രി ഏഴുമണിയോടെയായിരുന്നു സംസ്‌കാരം. ഡിഎംകെ സ്ഥാപക നേതാവും മുന്‍മുഖ്യമന്ത്രിയുമായ സി.എന്‍. അണ്ണാദുരൈയുടെ സമാധിമണ്ഡപത്തിനു സമീപത്താണ് കരുണാനിധിയുടെ ഭൗതികദേഹവും അടക്കിയത്. കുടുംബാംഗങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചതിനുശേഷം സൈന്യം ആചാരവെടിമുഴക്കി. തലൈവര്‍ വാഴ്ക മുദ്രാവാക്യം വിളികള്‍ക്കിടയിലൂടെ രാജപ്രൗഢിയോടെയാണ് പുഷ്പമഞ്ചം രാജാജി നഗറില്‍നിന്നു മറീന ബീച്ചിലെത്തിച്ചത്. കറുത്ത കണ്ണടയും മഞ്ഞ ഷാളും ധരിപ്പിച്ച് ത്രിവര്‍ണ പതാക പുതപ്പിച്ചായിരുന്നു മൃതദേഹം പ്രത്യേകം അലങ്കരിച്ച വാഹനത്തില്‍ മറീന ബീച്ചിലേക്കു കൊണ്ടുപോയത്. രാജാജി നഗറില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതും പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും മോദിയെ അനുഗമിച്ചു.കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി, കേരള ഗവര്‍ണര്‍ ജസ്റ്റിസ്. പി. സദാ ശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ തുടങ്ങിയവരും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ, കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്‍സിപി നേതാവ് ശരദ് പവാര്‍ എന്നിവരും അന്ത്യാഞ്ജലി അര്‍പ്പിച്ചു.
Discussion about this post