തിരുവനന്തപുരം: ആഗസ്റ്റ് 15 വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദുരന്ത നിവാരണത്തിലും ദുരിതാശ്വാസത്തിലും ഏര്‍പ്പെടുന്ന സര്‍ക്കാര്‍ ഏജന്‍സികളോടും ജില്ലാ കളക്ടര്‍മാരോടും ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
അറബിക്കടലില്‍ മത്സ്യബന്ധനത്തിനു പോകരുതെന്ന് തൊഴിലാളികള്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിനു സമാന്തരമായ പ്രദേശങ്ങളിലും കനത്തമഴയ്ക്ക് സാധ്യത ഉണ്ടെന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണാടകയുടെ തീരമേഖല, ആന്ധ്രാപ്രദേശിന്റെ തീരമേഖല, മേഘാലയ, അസ്സം, അരുണാചല്‍ പ്രദേശ്, ഒഡിഷ, ജാര്‍ഖണ്ഡ്, ബിഹാര്‍, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, സിക്കിം, പശ്ചിമ ബെംഗാള്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അതേസമയം ആഗസ്റ്റ്് 15 വരെ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് താഴാന്‍ തുടങ്ങിയത് ആശ്വാസകരമാണ്. മഴയുടെ തോതില്‍ കുറവു വന്നിട്ടുണ്ട്. ഈ നില തുടര്‍ന്നാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലുളളവര്‍ക്ക് അടുത്ത ദിവസങ്ങളില്‍ തിരിച്ചുപോകാന്‍ കഴിഞ്ഞേക്കും. ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് 57,000ത്തിലധികം പേര്‍ 457 ക്യാമ്പുകളിലായി കഴിയുന്നത്.
Discussion about this post