*കേരളത്തിന് അടിയന്തര സഹായമായി 500 കോടി രൂപ
തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ അടിയന്തര സഹായം നല്‍കും. പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതവും സഹായമായി നല്‍കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിക്കുന്നത്.
കേരളത്തിന് അടിയന്തര സഹായമായി 500 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇത് ആദ്യഘട്ടമാണെന്നും കൂടുതല്‍ തുക അനുവദിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. ഈ അഞ്ഞൂറ് കോടി രൂപക്ക് പുറമെയാണ് മറ്റ് സേവനങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
ഗ്രാമങ്ങളില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീടുകള്‍ സൗജന്യമായി നിര്‍മ്മിച്ചു നല്‍കും. രാജ്യത്തെമ്പാടുനിന്നും അടിയന്തരമായി ഭക്ഷ്യ ധാന്യങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവ എത്തിക്കും. ഇന്‍ഷുറന്‍സ് കമ്പനികളോട് കേരളത്തില്‍ പ്രത്യേക ക്യാമ്പുകള്‍ നടത്തി നഷ്ടം പരിഹരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഫസല്‍ ഭീമാ യോജന പ്രകാരം കര്‍ഷകര്‍ക്കുണ്ടായ നഷ്ടം നികത്തും. കേരളത്തിലെ തകര്‍ന്ന റോഡുകളില്‍ പ്രധാനപ്പെട്ടവ ഉടന്‍ തന്നെ നാഷണല്‍ ഹൈവെ അതോറിറ്റി പുനര്‍നിര്‍മ്മിക്കും. ഇതിന്റെ ചെലവുകള്‍ മുഴുവന്‍ കേന്ദ്രം വഹിക്കും. സംസ്ഥാനത്ത് നിലച്ച വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post