കോട്ടയം: പ്രളയക്കെടുതില്‍ വലയുന്ന സംസ്ഥാനത്ത് മഴ കുറയുന്നത് ആശ്വാസമാകുന്നു. മഴ കുറഞ്ഞതോടെ പലയിടങ്ങളിലും വെള്ളം ഇറങ്ങി തുടങ്ങി. വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായിരുന്ന ആലുവ, ചെങ്ങന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. റാന്നി, ആറന്മുള, പന്തളം മേഖലകളിലും വെള്ളം കുറഞ്ഞിട്ടുണ്ട്. പെരിയാറിലേയും പന്പയിലേയും ജലനിരപ്പും കുറഞ്ഞിട്ടുണ്ട്. പെരിയാറില്‍ അഞ്ച് അടിയോളം വെള്ളം ഇറങ്ങിയിതും ആശ്വാസമാണ്. വെള്ളം കുറഞ്ഞതോടെ പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തനം സുഗമാമായിട്ടുണ്ട്.എന്നാല്‍ വലിയ മത്സ്യബന്ധന ബോട്ടുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നിലവില്‍ തടസപ്പെട്ടിരിക്കുകയാണ്. പലയിടങ്ങളിലും ആളുകള്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ജലനിരപ്പ് താഴ്ന്നതോടെ ചെറിയ വള്ളങ്ങളാണ് രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. മഴ കുറഞ്ഞ സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു. ഒന്നും അഞ്ചും ഷട്ടറുകളാണ് അടച്ചത്. അണക്കെട്ടില്‍നിന്നു പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവും കുറച്ചു. കക്കി, പന്പാ അണക്കെട്ടുകളിലൂടെ തുറന്നുവിട്ടുന്ന വെള്ളത്തിന്റെ അളവും കുറച്ചിട്ടുണ്ട്. മഴ കുറഞ്ഞതോടെ നേരത്തെ മൂന്ന് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ടും പിന്‍വലിച്ചിരുന്നു. എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ടാണ് പിന്‍വലിച്ചത്. ഏഴ് ജില്ലകളില്‍ മാത്രം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണകുളം, ഇടുക്കി, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ട്രെയിന്‍, ബസ് ഗതാഗതവും ഭാഗികമായി പുനഃസ്ഥാപിച്ചു. എംസി റോഡില്‍ കെഎസ്ആര്‍ടിസി തിരുവനന്തപുരം മുതല്‍ അടൂര്‍വരെയാണ് സര്‍വീസ് തുടങ്ങിയത്. ദേശീയപാതയില്‍ തിരുവനന്തപുരം-എറണാകുളം റൂട്ടിലും കെഎസ്ആര്‍ടിസ് സര്‍വീസ് തുടങ്ങി. കോട്ടയത്തുനിന്നും എറണാകുളത്തിനും ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. അതേസമയം ആറ് ട്രെയിനുകള്‍ പൂര്‍ണമായും സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. പരശുറാം, ശബരി, മാവേലി, മലബാര്‍ എക്‌സ്പ്രസുകള്‍ ആണ് റദ്ദാക്കിയത്. ഇതിനു പുറമേ ചെന്നൈ-തിരുവനന്തപുരം, തിരുവനന്തപുരം എക്‌സ്പ്രസുകളും റദ്ദാക്കി. അതേസമയം മഴക്കെടുതില്‍ ഇന്ന് സംസ്ഥാനത്ത് നാല് പേര്‍ മരിച്ചു. വെള്ളക്കെട്ടില്‍ വീണ് മൂന്ന് പേരാണ് ഇന്ന് മരിച്ചത്. തൃശൂര്‍ വൈന്തല സ്വദേശികളായ തോമസ്, ഗോപിനാഥന്‍ എന്നിവരും എറണാകുളം പറവൂര്‍ സ്വദേശി പ്രഭാകരന്‍ പിള്ളയുമാണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. നെന്മാറ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തിയിരുന്നു. നിരവധി ക്യാന്പുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുറന്നിരിക്കുന്നത്. ഏഴ് ലക്ഷത്തോളം പേരാണ് ദുരിതാശ്വാസ ക്യാന്പുകളില്‍ കഴിയുന്നു. ക്യാന്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമകരമായ പ്രവര്‍ത്തനത്തിലാണ് നാട്ടുകാരും മറ്റ് അധികൃതരും. അതേസമയം പാണ്ടനാട്ടും പറവൂരും വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. കോട്ടയത്തിന്റെ താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്കം തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പാണ്ടനാട്ടും പറവൂരും ആളുകള്‍ കുടുങ്ങി കിടക്കുന്നതായും വിവരങ്ങളുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരിയാണ്.
Discussion about this post