കണ്ണൂര്‍: പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യയെ ജയിലിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. കേസില്‍ വിചാരണ തുടങ്ങാനിരിക്കേയാണ് ഏക പ്രതിയായ സൗമ്യ വനിതാ സബ് ജയിലില്‍ ജീവനൊടുക്കിയത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വഴിവിട്ട ജീവിതം നയിക്കുന്നതിന് വേണ്ടി പിതാവിനെയും മാതാവിനെയും മകളെയും എലിവിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു സൗമ്യ. മൂവരെയും വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം സംശയം തോന്നാതിരിക്കാന്‍ സൗമ്യയും വിഷം കഴിച്ചിരുന്നു. സംഭവത്തില്‍ സൗമ്യയുടെ അയല്‍പക്കക്കാരുള്‍പ്പടെ സംശയം പ്രകടിപ്പിച്ചതോടെയാണ് പോലീസ് വിശദമായ അന്വേഷണം നടത്തിയത്. തുടര്‍ന്നാണ് ഇവര്‍ കുറ്റം സമ്മതിച്ചത്. ഒന്നിലധികം കാമുകന്മാരുണ്ടായിരുന്ന സൗമ്യ വഴിവിട്ട ജീവിതത്തിന് വീട്ടുകാര്‍ തടസമാണെന്ന് മനസിലാക്കിയാണ് ക്രൂരകൃത്യം നടപ്പാക്കിയത്. ആദ്യം മകള്‍ക്കാണ് വിഷം നല്‍കിയത്. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം മാതാവിനെയും പിതാവിനെയും സമാന രീതിയില്‍ കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ സൗമ്യ മാത്രമാണ് പ്രതിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കാമുകന്മാരെയെല്ലാം ചോദ്യം ചെയ്‌തെങ്കിലും പിന്നീട് അവരെ വിട്ടയച്ചു. മുന്‍പും ആത്മഹത്യാ പ്രവണത കാണിച്ചിട്ടുള്ള സൗമ്യ ജയിലിനുള്ളില്‍ തൂങ്ങി മരിച്ചത് ഗുരുതര സുരക്ഷ വീഴ്ചയാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.













Discussion about this post