ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകളും തുറന്നത് പ്രളയത്തിന് കാരണമായെന്ന് കേരളത്തിന്റെ വാദം തമിഴ്‌നാട് തള്ളി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കുന്നതിനാണ് കേരളത്തിന്റെ ആരോപണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു. അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത് പ്രളയത്തിന് കാരണമാക്കിയെന്ന് കേരളത്തിന്റെ നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നും തമിഴ്‌നാട് പെട്ടെന്ന് അധികജലം തുറന്നുവിട്ടത് പ്രളയത്തിന് ഒരു കാരണമായെന്ന കേരളത്തിന്റെ സത്യവാങ്മൂലം ഇന്ന് സുപ്രീം കോടതി പരിഗണിക്കും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയില്‍ എത്തിച്ച ശേഷം തമിഴ്‌നാട് സര്‍ക്കാര്‍ 13 ഷട്ടറുകളും ഒരുമിച്ച തുറക്കുകയായിരുന്നു. ഇതോടെ കനത്ത മഴയില്‍ നിറഞ്ഞുകിടന്ന ഇടുക്കിയിലേക്ക് കൂടുതല്‍ ജലമെത്തി. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളവും എത്തിയതോടെ ചെറുതോണിയിലെ അഞ്ച് ഷട്ടറുകള്‍ വഴി കൂടുതല്‍ വെള്ളം പുറത്തേയ്ക്ക് ഒഴുക്കേണ്ടി വരുന്നുവെന്നും ഇതും പ്രളയത്തിന് കാരണമായെന്നും ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post