തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയക്കെടുതിക്കു ശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസമാഹരണത്തിന് വിപുലമായ പദ്ധതികള്‍ സര്‍ക്കാര്‍ തയാറാക്കുന്നു. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി വിഭവസമാഹരണം നടത്തുന്നതിന് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക കേരള സഭയേയും പ്രവാസി സംഘടനകളെയും സംഘടിപ്പിച്ച് വിഭവ സമാഹരണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും യുഎഇ, ഒമാന്‍, ബഹ്‌റിന്‍, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, സിംഗപ്പൂര്‍, മലേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, യുകെ, ജര്‍മനി, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളാണ് മന്ത്രിതല സംഘം സന്ദര്‍ശിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ആഗ്രഹമുള്ളവരില്‍ നിന്ന് നേരിട്ട് പണം സ്വീകരിക്കാന്‍ സംവിധാനം ഒരുക്കുമെന്നും ഇതിന് ജില്ലാ അടിസ്ഥാനത്തില്‍ മന്ത്രിമാര്‍ സന്ദര്‍ശനം നടത്തുമെന്നും പറഞ്ഞ മുഖ്യമന്ത്രി മന്ത്രിമാര്‍ പോകേണ്ട ജില്ലകളിലെ പ്രാദേശിക കേന്ദ്രങ്ങള്‍ ഉടന്‍ നിശ്ചയിക്കുമെന്നും വ്യക്തമാക്കി. സെപ്റ്റംബര്‍ 13 മുതല്‍ 15 വരെ വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവകളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കും. ഇതിന് മുന്നോടിയായി സെപ്റ്റംബര്‍ മൂന്നിന് ജില്ലകളില്‍ അവലോകന യോഗം നടത്തും- മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ സമ്മേളനത്തിനു ശേഷം വ്യാഴാഴ്ച രാത്രി ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രളയത്തില്‍ നാശനഷ്ടമുണ്ടായ ചെറുകിട കച്ചവടക്കാരെ സഹായിക്കുന്നതിന് വായ്പാ പദ്ധതി നടപ്പാക്കുമെന്നും കച്ചവടക്കാര്‍ക്ക് പത്തു ലക്ഷം രൂപ വരെ ബാങ്കുകളില്‍ നിന്ന് വായ്പ ലഭ്യമാക്കുമെന്നും പറഞ്ഞ പിണറായി സ്വയംസഹായ സംഘങ്ങള്‍, കുടുംബശ്രീ എന്നിവര്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുമെന്നും വ്യക്തമാക്കി. പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ ബാങ്കുകളില്‍ നിന്ന് വായ്പ ലഭ്യമാക്കും. വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കും. വായ്പയുടെ തിരിച്ചടവ് ഉറപ്പാക്കുന്നതിന് കുടുംബശ്രീ വഴിയായിരിക്കും വായ്പ നല്‍കുക. ഇതിനായി സംസ്ഥാന സര്‍ക്കാര്‍, ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി കരാര്‍ ഉണ്ടാക്കും- മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സെപ്റ്റംബര്‍ 11-ന് ധനസമാഹരണം നടത്താന്‍ തീരുമാനിച്ചുവെന്നും ഇതിന് പൊതുവിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞ പിണറായി സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്ഥാപനങ്ങളെയും ധനസമാഹരണ പരിപാടിയില്‍ പങ്കാളികളാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇപ്പോഴും സഹായപ്രവാഹമാണെന്നും ആഗസ്റ്റ് 30 വരെ 1026 കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. ഇതില്‍ 4.17 ലക്ഷം പേര്‍ ഓണ്‍ലൈന്‍ വഴിയാണ് സംഭാവന നല്‍കിയത്. പലകാര്യങ്ങളിലും മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക കാണിച്ചിട്ടുള്ള കേരളം മഹാദുരന്തത്തെ അതിജീവിക്കുന്നതിലും ലോകത്തിന് മാതൃകയാണെന്നും- അദ്ദേഹം പറഞ്ഞു. കേരളത്തെ മികച്ച നിലയില്‍ പുനര്‍നിര്‍മിക്കുന്നതിനുളള പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് പാര്‍ട്ണറായി അന്താരാഷ്ട്രതലത്തില്‍ പ്രശസ്തമായ കെപിഎംജിയെ നിയമിക്കാന്‍ തീരുമാനിച്ചുവെന്നും ഇവരുടെ സേവനം സൗജന്യമായിരിക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി പ്രളയത്തില്‍ വീടുകള്‍ക്കുണ്ടായ നാശനഷ്ടങ്ങളുടെ വിവരശേഖരണം ഡിജിറ്റലായി നടത്തുമെന്നും കൂട്ടിച്ചേര്‍ത്തു.
Discussion about this post