തിരുവനന്തപുരം: കനത്ത മഴയേയും പ്രകൃതിക്ഷോഭത്തെയും തുടര്‍ന്ന് കേരള പുരാവസ്തു വകുപ്പിന് കീഴിലുള്ള 179 സംരക്ഷിത സ്മാരകങ്ങളുടെ ഘടനാ പരിശോധനകള്‍ അടിയന്തരമായി നടത്തുന്നതിന് തീരുമാനിച്ചു. ഇതിനായി വകുപ്പിന് കീഴിലുള്ള എന്‍ജിനിയറിംഗ് വിഭാഗത്തെ പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ചുമതലപ്പെടുത്തി. തമിഴ്നാട്ടിലെ തക്കല പത്മനാഭപുരം കൊട്ടാരം മുതല്‍ ആരിക്കാടി വരെയുള്ള സംരക്ഷിത സ്മാരകങ്ങള്‍ എന്‍ജിനിയറിംഗ് വിഭാഗം പരിശോധിച്ച് മഴക്കെടുതിയിലും പ്രളയത്തിലും കോട്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്നും നാശനഷ്ടവും വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കും.
റിപ്പോര്‍ട്ട് ലഭിച്ച ശേഷം സ്മാരകങ്ങളുടെ രാസപരവും, ഘടനാപരവുമായ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തി പൂര്‍വ്വ സ്ഥിതിയിലാക്കുമെന്ന് പുരാവസ്തു വകുപ്പദ്ധ്യക്ഷന്‍ രജികുമാര്‍.ജെ അറിയിച്ചു. സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈവശമുള്ള പൈതൃക നിര്‍മ്മിതികളും പൂര്‍വ്വ രൂപത്തിലാക്കുന്നതിനായി സാങ്കേതിക ഉപദേശം പുരാവസ്തു വകുപ്പ് സൗജന്യമായി നല്‍കും. ഫോണ്‍: 9995206209
Discussion about this post