ന്യൂഡല്‍ഹി: പട്ടികജാതിക്കാരെ ‘ദളിത്’ എന്നു വിളിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഇതു സംബന്ധിച്ചു ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം രാജ്യത്തെ ടിവി ചാനലുകള്‍ക്കു നിര്‍ദേശം നല്‍കി. ഓഗസ്റ്റ് ഏഴിനു സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്ക് അയച്ച കത്തില്‍, ബോംബെ ഹൈക്കോടതി ഉത്തരവനുസരിച്ച് മാധ്യമങ്ങള്‍ ‘ദളിത്’ എന്ന പദം ഉപയോഗിക്കുന്നതില്‍നിന്നു വിട്ടുനില്‍ക്കണമെന്നു മന്ത്രാലയം ആവശ്യപ്പെട്ടു. പകരം ഷെഡ്യൂള്‍ഡ് കാസ്റ്റ് എന്നുതന്നെ സര്‍ക്കാര്‍ രേഖകളിലും സര്‍ട്ടിഫിക്കറ്റുകളിലും ഉപയോഗിക്കണം. രണ്ടു കോടതി വിധികളെ അടിസ്ഥാനമാക്കിയാണു കേന്ദ്രത്തിന്റെ ഉത്തരവ് പുറത്തു വന്നത്. ഭരണഘടനയില്‍ പറഞ്ഞിട്ടില്ലാത്തതിനാല്‍ സര്‍ക്കാര്‍ ദളിത് വാക്ക് ഉപയോഗിക്കരുതെന്ന് ജനുവരിയില്‍ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളിലും ‘പട്ടികജാതി’ അല്ലെങ്കില്‍ അതിന്റെ വിവര്‍ത്തനം ഉപയോഗിക്കണം എന്ന് കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം മാര്‍ച്ചില്‍ സര്‍ക്കുലറിറക്കി. ജൂണ്‍ 6-ന്, പ്രസ് കൗണ്‍സിലിലേക്കും മാധ്യമങ്ങളിലേക്കും ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായാണ് കേന്ദ്രത്തിന്റെ ഉത്തരവ്.
Discussion about this post