തിരുവനന്തപുരം: ഹരിതകേരളം മിഷന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും നേതൃത്വത്തില്‍ സെപ്തംബര്‍ 8, 9 തീയതികളില്‍ പ്രളയബാധിത ജില്ലകളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടത്തിയ കുടിവെള്ള ഗുണനിലവാര പരിശോധന 96 ശതമാനം കിണറുകളില്‍ പൂര്‍ത്തിയായി. കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍മെന്റ് സെന്റര്‍ വികസിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തിയാണ് പരിശോധനാ വിവരങ്ങളുടെ ഡാറ്റാബേസ് തയ്യാറാക്കിയത്.
ഭാവിയില്‍ ഉപയോഗിക്കാവുന്നവിധത്തില്‍ കിണറുകളുടെ ചിത്രം, ലൊക്കേഷന്‍ തുടങ്ങിയവയും ഈ ആപ്ലിക്കേഷനില്‍ ശേഖരിക്കുന്നുണ്ട്. സംസ്ഥാന എന്‍.എസ്.എസ് സെല്ലിന്റെ നേതൃത്വത്തില്‍ വിവിധ കോളേജുകളിലെ എന്‍.എസ്.എസ്. വോളണ്ടിയര്‍മാരാണ് കിണറുകള്‍ സന്ദര്‍ശിച്ച് സാമ്പിളുകള്‍ ശേഖരിക്കുകയും ഡാറ്റാബേസ് തയ്യാറാക്കുകയും ചെയ്തത്. ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റും കേരള വാട്ടര്‍ അതോറിറ്റിയും സംരംഭത്തില്‍ പങ്കാളികളായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആദ്യ ഘട്ടമായി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, വയനാട്, ജില്ലകളില്‍ 6 ഗ്രാമ പഞ്ചായത്തുകളുടെയും ആറ് നഗരസഭകളുടെയും പരിധിയില്‍ വരുന്ന ശുചീകരിച്ച കിണറുകളിലെ വെള്ളമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്
റാന്നി-അങ്ങാടി, തിരുവാര്‍പ്പ്, കാലടി, മാള, പടിഞ്ഞാറേത്തറ ഗ്രാമപഞ്ചായത്തുകളിലും തിരുവല്ല, ചെങ്ങന്നൂര്‍, വൈക്കം, നോര്‍ത്ത് പറവൂര്‍, ചാലക്കുടി, കല്‍പ്പറ്റ നഗരസഭകളിലുമുള്ള പ്രദേശങ്ങളിലെ 16,232 കിണറുകളിലെ വെള്ളം പരിശോധിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. അതില്‍ 15,631 (96ശതമാനം) കിണറുകളുടെ പരിശോധന പൂര്‍ത്തിയായി. പരിശീലനം നേടിയ എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ കിണറുകള്‍ സന്ദര്‍ശിച്ച് ശേഖരിച്ച വെള്ളത്തിന്റെ സാമ്പിള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രത്യേകമായി സജ്ജീകരിച്ച ബൂത്തുകളിലെ ലാബുകളിലെത്തിച്ചാണ് പരിശോധന നടത്തിയത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം പ്രളയം ബാധിച്ച മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ശുചീകരിച്ച കിണര്‍ പരിശോധിക്കുന്നതിനുള്ള കര്‍മ്മ പരിപാടി തയ്യാറാക്കും. പരിശോധന നടന്ന കിണറുകളില്‍ തുടര്‍ നടപടികള്‍ ആവശ്യമെങ്കില്‍ അതു സംബന്ധിച്ചും തീരുമാനമെടുക്കും.
Discussion about this post