കോട്ടയം: ഇരുമ്പനത്തുനിന്നു ദ്രവഇന്ധനവുമായി തിരുനെല്‍വേലിക്കുപോയ ചരക്കു തീവണ്ടിയില്‍ ചോര്‍ച്ചയും തീപ്പൊരിയും. ഒഴിവായതു വന്‍ദുരന്തം. ഇന്നലെ ഉച്ചയ്ക്ക് 1.15നു മുട്ടമ്പലം പാറയ്ക്കല്‍ റെയില്‍വേ ഗേറ്റിനു സമീപമായിരുന്നു സംഭവം. പെട്രോളും ഡീസലും മണ്ണെണ്ണയും നിറച്ച വാഗണുകളുമായി പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. കോട്ടയം സ്റ്റേഷനില്‍നിന്നു പുറപ്പെട്ടു രണ്ടാം നമ്പര്‍ തുരങ്കം പിന്നിട്ടപ്പോഴാണു പിന്‍ഭാഗത്തെ വാഗണുകളിലൊന്നിന്റെ മുകളില്‍ തീപ്പൊരി കണ്ടത്. വിവരം നാട്ടുകാര്‍ ഉള്‍പ്പടെ കാണുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ ലോക്കോപൈലറ്റ് വണ്ടി നിര്‍ത്തി. പരിശോധനയില്‍ ഡീസല്‍ നിറച്ച വാഗണുകളിലൊന്നില്‍നിന്ന് ഇന്ധനച്ചോര്‍ച്ചയുണ്ടായതായി കണ്ടെത്തി. ടാങ്കിന്റെ അടപ്പ് സീല്‍ ചെയ്തതിന്റെ തകരാര്‍ മൂലമാണു ഇന്ധനം പുറത്തേക്കു ചോര്‍ന്നത്. അതേസമയം, ചോര്‍ച്ച പരിഹരിക്കുന്നതിനിടെ മുന്നറിയിപ്പില്ലാതെ ട്രെയിന്‍ ഓടിച്ചുപോയതു വിവാദമായിട്ടുണ്ട്. തകരാര്‍ പരിഹരിച്ചുകൊണ്ടിരുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഇരുവശത്തേക്കും ചാടിയതിനാല്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. രണ്ടാം നമ്പര്‍ തുരങ്കം കടന്നപ്പോള്‍ ടാങ്കറിന്റെ അടപ്പിനു തകരാര്‍ സംഭവിക്കുകയും വൈദ്യുതി ലൈനുമായുള്ള സമ്പര്‍ക്കത്തില്‍ തീപിടിച്ചതാകാമെന്നും സംശയിക്കുന്നു. ട്രെയിന്‍ പെട്ടെന്നു നിര്‍ത്തിയപ്പോള്‍ അല്‍പ്പം കൂടുതല്‍ ഇന്ധനം പുറത്തേക്കൊഴുകിയെങ്കിലും തീയണഞ്ഞിരുന്നു. ഇതിനിടെ, വിവരം അഗ്‌നിശമന സേനയെ അറിയിച്ചു. സമീപത്തെ രണ്ടു റെയില്‍വേ പാലങ്ങള്‍ വഴി ഫയര്‍ഫോഴ്‌സ് എത്തി. വിശദ പരിശോധനയില്‍ ആറു വാഗണുകളില്‍നിന്ന് ഇന്ധനം ചോരുന്നതായി കണ്ടെത്തി. താത്കാലികമായി ചോര്‍ച്ച പരിഹരിച്ചു ട്രെയിന്‍ ചിങ്ങവനം സ്റ്റേഷനിലേക്കു മാറ്റി. സംഭവത്തെത്തുടര്‍ന്നു കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.
Discussion about this post