തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം ഉന്നത വിദ്യാഭ്യാസ വകുപ്പ് രണ്ട് മാസത്തിലൊരിക്കല്‍ വിലയിരുത്തുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. വിവിധ സര്‍വകലാശാലകളിലെ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകളിലെ പോലെ പി.എച്ച്.ഡിയ്ക്കും പട്ടികജാതി, പട്ടികവര്‍ഗ, എസ്.ഇ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണം. സര്‍വകലാശാലകളുമായി അഫിലിയേറ്റു ചെയ്ത കോളേജുകളിലെ പി.ജി വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന്റെ ഭാഗമായി സര്‍വകലാശാല ആസ്ഥാനത്ത് സെമിനാറുകള്‍/ക്ലാസുകള്‍ സംഘടിപ്പിക്കണം. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശഫണ്ട് ലഭിക്കുന്ന അധ്യാപകരെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന ഓഡിറ്റ് രീതികളും, ചട്ടങ്ങളും കാലാനുസൃതമായി മാറ്റും. സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയില്ലാതെ ഗവേഷണ/പഠനപ്രവര്‍ത്തനങ്ങള്‍ക്കായി വിദേശരാജ്യങ്ങളില്‍ പോകാന്‍ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ അനുവാദം ലഭിക്കുന്നതിന് നടപടിക്രമങ്ങള്‍ ലഘൂകരിക്കും. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍വകലാശാല ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ നല്‍കണം. വിദ്യാര്‍ത്ഥിയുടെ പ്രവേശനം മുതല്‍ കോഴ്സ് പൂര്‍ത്തിയായി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതു വരെയുള്ള എല്ലാ വിവരങ്ങളും വിദ്യാര്‍ത്ഥികളെയും രക്ഷകര്‍ത്താക്കളെയും ഓണ്‍ലൈനായി അറിയിക്കണം. ഇതിനായി സ്റ്റുഡന്റ് ആപ് തുടങ്ങണം.
വിദ്യാര്‍ത്ഥികളുടെ പരാതി പരിഹരിക്കുന്നതിനായി മന്ത്രിയുടെ ഓഫീസില്‍ ഫോര്‍ ദ സ്റ്റുഡന്റ്സ് എന്ന പേരില്‍ പോര്‍ട്ടല്‍ തുടങ്ങും. സര്‍വകലാശാലകളിലെ വിവിധ തസ്തികകളും ശമ്പളസ്‌കെയിലും ഏകീകരിക്കും.എന്‍.എ.എ.സി, എന്‍.ഐ.ആര്‍.എഫ് എന്നീ ദേശീയ റാങ്കില്‍ ഉയര്‍ന്ന സ്ഥാനത്ത് എത്താന്‍ കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് കഴിയണം. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കണം.
കൊച്ചി, സംസ്‌കൃത, മലയാളം, ന്യൂവാല്‍സ്, സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ യോഗമാണ് നടന്നത്. ഉന്നത കോളേജ് അധ്യാപക അനധ്യാപക വിദ്യാര്‍ത്ഥി സംഘടനകളുടെയും രജിസ്റ്റാര്‍മാരുടെയും യോഗം 25, 26 തിയതികളിലും വൈസ് ചെയര്‍മാന്‍മാരുടെ യോഗം 27നും ചേരും.
Discussion about this post