പെര്‍ത്ത്: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ അടുത്ത് ഫ്രഞ്ച് കപ്പല്‍ എത്തിച്ചേര്‍ന്നു. ഫ്രാന്‍സിന്റെ മത്സ്യബന്ധന പട്രോളിംഗ് കപ്പലായ ഓസിരിസാണ് അഭിലാഷിന്റെ അടുത്തെത്തിയത്. അപകടസ്ഥലത്തിനടുത്തുള്ള ഇന്ത്യന്‍ കപ്പലായ ഐഎന്‍എസ് സത്പുരയ്ക്ക് വെള്ളിയാഴ്ചയോടെ മാത്രമെ അപകടസ്ഥലത്ത് എത്താനാകൂവെന്നും അതിനാലാണ് ഫ്രഞ്ച് കപ്പലിന്റെ സഹായം തേടിയതെന്നും ഇന്ത്യന്‍ നാവികസേന അറിയിച്ചു. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍നിന്നു 3500 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കു ഭാഗത്താണ് അപകടമുണ്ടായത്. അഭിലാഷിന്റെ തുരിയ എന്ന പായ് വഞ്ചി പൊളിഞ്ഞ് ഒരു വശത്തേക്ക് തൂങ്ങി കിടക്കുന്നുവെന്നാണ് എയര്‍ ക്രാഫ്റ്റുമായുള്ള ദൃശ്യ ആശയവിനിമയത്തില്‍നിന്ന് മനസിലാവുന്നത്. അഞ്ച് കിലോമീറ്റര്‍ താഴ്ചയുള്ള പ്രദേശത്തെ തിരമാലകള്‍ പത്ത് മുതല്‍ 12 വരെ ഉയരത്തിലാണ്. മോശം കാലാവസ്ഥയും കനത്ത മഴയിലുമാണ് പ്രദേശം.
Discussion about this post