തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ അവസാന നാല് അക്കങ്ങള്‍ ഒരുപോലെ വരുന്ന വിധത്തില്‍ നിയമവിരുദ്ധമായി സെറ്റ് ചെയ്തു വില്‍പന നടത്തിയ 12 ഏജന്‍സികളെ സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. ഗീജ ജെ., അനുദാസ് എസ്., രാജേഷ്, മുരുകേഷ് തേവര്‍, ബാലന്‍ കെ., എ. കാജാഹുസൈന്‍, ആര്‍. വി. വിജീഷ്, റസാക്ക്, പി. മുരളി, സുരേഷ്ബാബു കെ. ജെ, അനീഷ് പൗലോസ് എന്നീ ഏജന്റുമാരുടെ ഏജന്‍സികളും മീനാക്ഷി ലോട്ടറി ഏജന്‍സിയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.
കേരള ലോട്ടറീസ് (റെഗുലേഷന്‍) ഭേദഗതി നിയമം 2011, ചട്ടം 5 (5) പ്രകാരമാണ് നടപടി. കഴിഞ്ഞ കുറച്ചു നാളായി സെറ്റ് ലോട്ടറിയുടെ വില്‍പന നടക്കുന്നതായുള്ള റിപ്പോര്‍ട്ട് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ശക്തമായ നടപടിയുണ്ടാകുമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വകുപ്പില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു വരുന്നതായി ഡയറക്ടര്‍ അറിയിച്ചു.
Discussion about this post