പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകീട്ടോടെ തുറക്കാനിരിക്കെ സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ആഹ്വാനം ചെയ്ത സമരങ്ങള്‍ ആരംഭിച്ചു. നിലയ്ക്കലില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ നേതൃത്വത്തില്‍ നടത്തുന്ന ധര്‍ണയ്ക്ക് തുടക്കമായി.
എരുമേലിയില്‍ സ്ത്രീകളുടെ ഉപവാസ യജ്ഞം ആരംഭിച്ചു. 9 മണിയോടെ പമ്പയില്‍ തന്ത്രികുടുംബത്തിന്റെ പ്രാര്‍ത്ഥനാസമരം ആരംഭിച്ചു. തന്ത്രികുടുംബത്തിന്റെ പ്രാര്‍ത്ഥനയ്ക്ക് വലിയ തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജ്ജനമാണ് നേതൃത്വം നല്‍കുന്നത്. അതേസമയം താഴ്മണ്‍ തന്ത്രികുടുംബം സമരത്തിനില്ലെന്ന് രാജീവര് വ്യക്തമാക്കി.
പത്തനംതിട്ട ബസ് സ്റ്റാന്റില്‍ വിവിധ ഹിന്ദു സംഘടനകളും ബിജെപിയും ചേര്‍ന്ന് പ്രതിഷേധ സമരം നടത്തുകയാണ്. ഇതിനിടെ ശബരിമലയിലയിലേക്ക് പോകാനെത്തിയ ലിബി എന്ന സ്ത്രീയെ പത്തനംതിട്ട ബസ് സ്റ്റാന്റില്‍ വച്ച് വിശ്വാസികള്‍ തടഞ്ഞു. അവരെ ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് വിശ്വാസികള്‍. ചേര്‍ത്തലയില്‍നിന്ന് ഒറ്റയ്‌ക്കെത്തിയ ലിബിയ്ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിഷേധം ഭീഷണിയിലേക്കും കയ്യേറ്റത്തിലേക്കും കടന്നതോടെ ലിബിയെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.
എന്നാല്‍ നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ സമരപ്പന്തല്‍ പൊലീസ് പൊളിച്ച് നീക്കി. സമരപ്പന്തലിന് സമീപം കൂടുതല്‍ വനിതാ പൊലീസിനെ വിന്യസിച്ചു. അറുപത് വനിതാ പൊലീസുകാരാണ് എത്തിയിട്ടുള്ളത്. എരുമേലിയില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു.
സംസ്ഥാനത്തെവിടെയും, തീര്‍ഥാടനത്തിന് പോകുന്ന സ്ത്രീകളെ തടയുന്ന സാഹചര്യമുണ്ടായാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും ഡിജിപി വ്യക്കതമാക്കി. അക്രമികള്‍ക്കെതിരെ കര്‍ശനനടപടിയെടുക്കും. കേരളത്തിലെവിടെയും അയ്യപ്പ ഭക്തരായ സ്ത്രീകളെ തടയുന്നത് ചെറുക്കാന്‍ പൊലീസ് സ്റ്റേഷനുകളില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സന്നിധാനത്ത് വനിതാ പൊലീസിനെ നിയോഗിക്കുന്നത് സാഹചര്യം പരിഗണിച്ച് തീരുമാനിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
Discussion about this post