അധ്യായം – 2
ബന്ധസ്വരൂപം
ജഗദ്‌ഗുരു സ്വാമി സത്യാനന്ദ സരസ്വതി
(തുടര്‍ച്ച)
“യാഗവ്രത തപോദാനവിധിധാനജ്ഞാനസംബന്ധോബന്ധ:”
യാഗം,  വ്രതം, തപസ്സ്, ദാനം വിധി, വിധാനം എന്നിവയുടെ ജ്ഞാനത്താലുളവാകുന്ന സങ്കല്‌പവും  ബന്ധമായിത്തന്നെയാണ് പറയപ്പെടുന്നത്. ഇക്കാര്യങ്ങളിലെല്ലാം  നിഴലിച്ചുനില്‍ക്കുന്നത് സ്വാര്‍ത്ഥത തന്നെയാണ്. ഇഹത്തിലും പരത്തിലുമുള്ള  സുഖഭോഗതൃഷ്‌ണ പ്രദാനം ചെയ്യാന്‍ പര്യാപ്‌തമായവയാണ് മേല്‍പറഞ്ഞ  യാഗവ്രതതപോദാനവിധിവിധാനങ്ങളൊക്കെയും. അവയ്‌ക്കൊക്കെയും നിശ്ചിതമായ മേഖലകളും  നിശ്ചിതമായ ഫലങ്ങളുമാണുള്ളത്. അവയൊക്കെയും വ്യവഹാരപരിധിക്കുള്ളിലും തന്നെ.  “സ്വര്‍ഗകാമോ യജേത” തുടങ്ങിയ പ്രമാണങ്ങള്‍ ഇക്കാര്യം മനസ്സിലാക്കുന്നതിന്  സഹായിക്കും. സ്വര്‍ഗം എന്നുപറയുന്നത് ജീവന്റെ പുണ്യം കൊണ്ട് കിട്ടുന്ന  സൂക്ഷ്‌മമണ്ഡലത്തിലെ ഭോഗവസ്‌തുക്കളാണ്. ബാഹ്യലോകവും ശരീരവും തമ്മിലുള്ള ബന്ധം  വ്യവഹരിക്കുന്നതു കൊണ്ടുതന്നെ ഇവയും ബന്ധങ്ങളായി നിരൂപണം  ചെയ്‌തിരിക്കുന്നു.
“തീര്‍ത്ഥസ്‌നാനാദി  തപോദാനവേദാദ്ധ്യയന
ക്ഷേത്രോപവാസയാഗാദ്യഖിലകര്‍മങ്ങളാല്‍
ഒന്നിനാലൊരുത്തനും  കണ്ടുകിട്ടുകയില്ല
എന്നെ, മത്ഭക്തിയൊഴിഞ്ഞൊന്നുകൊണ്ടൊരുനാളും”.
എന്നിങ്ങനെ  ഭഗവാന്‍ തന്നെ അരുളിച്ചെയ്യുന്നു.
കാമനകളെ നശിപ്പിക്കുന്നതിനുവേണ്ടി  ഉദ്ദേശിക്കപ്പെട്ടിട്ടുള്ള വിധി നിഷേധങ്ങളും കാമനകളെ സൃഷ്‌ടിക്കുന്നതിന്  പ്രയോജനപ്പെടുത്തുന്ന നിന്ദ്യമായ രീതിയും ആസുരികമാണെന്നും അതിന്റെ പേര്  അകര്‍മമാണെന്നും ഉനിഷത്ത് വിധിയെഴുതിയിട്ടുണ്ട്. തന്മൂലം ബന്ധമോചനത്തിനുപകരം  ബന്ധവൈകൃതം തന്നെ സംഭവിക്കുന്നു. കര്‍മങ്ങള്‍ ചെയ്യുന്നതില്‍ ഞാന്‍ എന്നുള്ള  ചിന്തയും അതിനെ അടിസ്ഥാനമാക്കിയുള്ള മറ്റു ദോഷങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും.  ഭക്തി, ലക്ഷ്യത്തിലും, മാര്‍ഗത്തിലും, സമര്‍പ്പണംകൊണ്ട് മോക്ഷത്തെ പ്രദാനം  ചെയ്യുന്നു. അതുകൊണ്ടാണ് രാമായണത്തിലും ഇങ്ങനെ പ്രസ്‌താവിച്ചത്. ശബരിക്ക് രാമന്‍  ഉപദേശിക്കുന്ന ഭക്തി നേരത്തേ പറഞ്ഞ വിധിവിധാനങ്ങള്‍ക്കപ്പുറത്ത് ബന്ധമുക്തിയെ  പ്രദാനം ചെയ്യുന്നു. നീചകുലത്തില്‍ ജനിച്ചവളെന്നോ, ഉന്നതകുലജാതയെന്നോ ഉള്ള  വ്യത്യാസവും ഇവിടെ ഉണ്ടാകുന്നതേയില്ല. ഭക്തിയെ പ്രോത്സാഹിപ്പിക്കുമ്പോള്‍  യജ്ഞാദികര്‍മങ്ങളെ നിഷേധിക്കലല്ല ഇവിടെ മുന്നിട്ട് നില്‍ക്കുന്നത്. മറിച്ച്  യജ്ഞാദകള്‍കൊണ്ട് സംഭവിക്കുന്ന അസ്‌മിതാദോഷങ്ങളും അധ്യാസങ്ങളും ഒഴിവാക്കി  സമൂഹത്തിനും വ്യക്തിക്കും സമാനചിന്ത പ്രദാനം ചെയ്യണമെന്നതാണ്. അല്ലാത്തപക്ഷം  വിധിവിധാനങ്ങള്‍ ബന്ധം തന്നെയാണ്. ഹിന്ദുമതത്തിന്റെ സാമൂഹ്യക്രമത്തില്‍ പൗരോഹിത്യം  വരുത്തിവച്ച വിന ഈ സന്ദര്‍ഭത്തില്‍  ഓര്‍മിക്കേണ്ടതുമാണ്.
“കേവലമോക്ഷാപേക്ഷാസങ്കല്‌പോ ബന്ധ:”
കേവലം  മോക്ഷത്തില്‍ മാത്രമുള്ള ആഗ്രഹവും സൃഷ്‌ടിക്കുന്നത് ബന്ധം തന്നെയാണ്.  മുമുക്ഷുവിന്റെ ചിന്തയും പ്രവൃത്തിയും മോക്ഷത്തില്‍ കണ്ണുവച്ചുകൊണ്ട്  മാത്രമായിരിക്കും. അവ തമ്മിലുള്ള ചേര്‍ച്ചയും ബന്ധമായല്ലാതെ പറയാന്‍ നിവൃത്തിയില്ല.  കര്‍ത്തൃത്വത്തിനാസ്‌പദമായ അപേക്ഷ എനിക്കിന്നത് ആവശ്യമുണ്ട് എന്ന ആഗ്രഹത്തെ വലയം  ചെയ്‌തുനില്‍ക്കുന്നു. വസ്‌തുക്കളെ അപേക്ഷിക്കുന്നതിന് ആവശ്യമായ ബോധം മനസ്സിന്റെ  ആഗ്രഹസ്വഭാവത്തെ അഥവാ കാമത്തെ വിശദമാക്കുന്നതാണ്. ആഗ്രഹം ഏതായാലും വസ്‌തുഭേദത്തെ  മാത്രമല്ല അതാശ്രയിക്കുന്നത്. ആശ്രയിക്കുന്ന സംസ്‌കാരം മനസ്സ് സൂക്ഷിക്കുന്നു  എന്നുള്ളതാണ് ആഗ്രഹിക്കുന്നു എന്നുള്ളതിന്റെ പ്രധാനവിഷയം. മോക്ഷം  ക്ഷിപ്രസാദ്ധ്യമായ കാര്യമല്ല. ആഗ്രഹം നിലനില്‍ക്കുന്നിടത്തോളംകാലം മോക്ഷാപേക്ഷാ  സ്വഭാവത്തിനനുസരിച്ചുതന്നെ ആഗ്രഹിക്കുക എന്ന ഭോഗവാസന മറ്റേതിനും  വഴിതെളിച്ചെന്നുവരാം. ആഗ്രഹങ്ങള്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് സംക്രമിച്ച്  കര്‍മബന്ധങ്ങള്‍ക്ക് അധികാരിയാവുകയും ചെയ്യും. അതുകൊണ്ടാണ് മോക്ഷാപേക്ഷയും ബന്ധം  തന്നെയാണ് പറയാന്‍ കാരണം.
ഗ്രാഹ്യമെന്നും ആഗ്രാഹ്യമെന്നും വിധിച്ചിരിക്കുന്ന  മനസ്സിന്റെ ഭാവങ്ങള്‍ ആഗ്രഹത്തെ തള്ളിക്കളയുകയാണ് ചെയ്യുന്നത്. യഥാര്‍ത്ഥമായി  ഗ്രഹിക്കേണ്ടതേതാണെന്ന് നിര്‍ദ്ദേശിച്ചശേഷം ഗ്രാഹ്യത്തെ പ്രോത്സാഹിപ്പിക്കുന്നു.  ഇന്ദ്രിയം, പ്രാണന്‍, മനസ്സ് എന്നിവയില്‍ നിന്ന് ഭിന്നമായതും സത് ചിത് ആനന്ദം  എന്ന അവസ്ഥയ്‌ക്ക് കാരണമായതും നിത്യനിര്‍മുക്തമായ ഏകത്വത്തെയാണ് ഗ്രാഹ്യം എന്ന്  ധരിക്കേണ്ടത്. ദേശം, കാലം എന്നിതുകളെ ആശ്രയിക്കുന്ന എല്ലാറ്റിനും  പദാര്‍ത്ഥസ്വഭാവമുണ്ട്. പദാര്‍ത്ഥങ്ങള്‍ ശാശ്വതഭാവത്തോടു കൂടിയവയല്ല.  ദേശകാലങ്ങളിലൂടെയുള്ള വസ്‌തുബോധത്തിന്റെ അല്‌പമാത്രയെങ്കിലും അവശേഷിക്കുന്നിടത്തോളം  ഗ്രാഹ്യം (ചിന്മാത്രസ്വരൂപം)  അപ്രസ്‌ക്തയാകും.
`ദേശകാലവസ്‌തുഛേദരാഹിത്യചിന്‍മാത്രസ്വരൂപം  ഗ്രാഹ്യം’
ആത്മസ്വരൂപത്തില്‍ നിന്ന് ഭിന്നമായ മായാസങ്കല്‌പത്തില്‍ എന്തെല്ലാം  ഉള്‍പ്പെടുന്നുവോ അവയെല്ലാം ബുദ്ധീന്ദ്രിയാദിവിഷയസ്വരൂപമായ പ്രപഞ്ചത്തെ  സൃഷ്‌ടിക്കുന്നതും മനസ്സിന്റെ സ്വരൂപമായി മാറുന്നതുമാണ്. ഇവയെല്ലാം  ചിത്തവിക്ഷേപങ്ങളെ സൃഷ്‌ടിക്കുന്നവയും സമാധാനത്തിന് വിഘ്‌നങ്ങളുമാകയാല്‍  അന്തരായങ്ങള്‍ എന്നു പറയപ്പെട്ടിരിക്കുന്നു. അന്തരായസഹിതമായ മനസ്സ് നശ്വരമായ  പ്രപഞ്ചത്തെ സത്യമെന്ന് കരുതുന്നു. ഇപ്രകാരം മിഥ്യാവസ്‌തുവിലെ സത്യബോധത്തെയാണ്  ആഗ്രാഹ്യമെന്ന് സങ്കല്‌പിച്ചിരിക്കുന്നത്. ആഗ്രഹങ്ങളെ ജനിപ്പിക്കുന്ന അഗ്രാഹ്യം  മോക്ഷത്തെ തടസ്സപ്പെടുത്തുന്നതുകൊണ്ട് മോക്ഷസങ്കല്‌പംപോലും ബന്ധമാണെന്ന്  കരുതേണ്ടിയിരിക്കുന്നു. എല്ലാ സങ്കല്‌പങ്ങള്‍ക്കും അതീതമായി നിര്‍ഗുണഭാവം  ആത്മാവിന്റെ സ്വഭാവമാണെന്നറിഞ്ഞ് ചിത്തവിക്ഷേപങ്ങളെ നിഷേധിക്കുകയും മനസ്സ്  പരിശുദ്ധികൊണ്ട് ചിത്തവിക്ഷേപങ്ങളെ നിഷേധിക്കുകയും മനസ്സ് പരിശുദ്ധികൊണ്ട്  ഇല്ലാതാവുകയും ചെയ്യുന്നതാണ് ശാശ്വതമായ ശാന്തിക്ക് കാരണം. നിശിതമായ വിചാരണയിലൂടെ  മനസ്സിന്റെ സൂക്ഷ്‌മതലങ്ങളിലേക്ക് കടന്നുചെന്ന് പുനരുല്‌പാദനശേഷിയുള്ള  വാസനാബീജത്തെ നശിപ്പിച്ചാല്‍ മാത്രമേ മനോനാശം സംഭവിച്ചു എന്നു  കരുതാനാവുകയുള്ളൂ.
ഭൗതികമായ വിപരീതഫലങ്ങളില്‍പെട്ട് താല്‍ക്കാലികമായുണ്ടാകുന്ന  കര്‍മവിരോധം ഇഷ്‌ടകര്‍മം സാധിക്കാത്തതിലുള്ള നിരാശ മാത്രമാണ്. ഈ നിരാശയെ  വിരക്തിയെന്ന് ഭാവിച്ച് സാന്ന്യാസവും മോക്ഷാപേക്ഷയും നടത്തുന്നത് മുഢത്വത്തിന്റെ  ലക്ഷണമാണ്. നിരാശകൊണ്ട് ബാധിച്ച അലസത, കര്‍മേന്ദ്രിയങ്ങളെ കര്‍മങ്ങളില്‍ നിന്ന്  വ്യതിചലിപ്പിച്ചെന്നുവരാം. കര്‍മേന്ദ്രിയവ്യാപാരങ്ങളില്‍ നിന്നും ചുറ്റുപാടുകളുടെ  സമ്മര്‍ദ്ദംകൊണ്ട് താല്‍ക്കാലികമായ നിഷ്‌ക്രിയത്വം സ്വീകരിക്കുന്നു. എന്നാല്‍  പൂര്‍വകര്‍മാനുഗുണമായ പശ്ചാത്തലങ്ങള്‍ ഉണ്ടാകുമ്പോഴും സന്ദര്‍ഭങ്ങള്‍  നേരിടേണ്ടിവരുമ്പോഴും മനസ്സ് വിജൃംഭിക്കുകയും വിഷയചിന്തയില്‍ സജീവമാകുകയും  ചെയ്യും. ഇങ്ങനെ കര്‍മേന്ദ്രിയങ്ങളുടെ താല്‍ക്കാലിക അലസതയും മനസ്സിന്റെ  സാന്ദര്‍ഭികമായ വിജൃംഭതയും സൂക്ഷിച്ചുകൊണ്ട് തുടരുന്ന സന്യാസാഭ്യാസം മുക്തിക്കോ  വൃത്തിക്കോ പ്രോത്സാഹനം നല്‍കുന്നില്ല. അത്തരക്കാരെ മിഥ്യാചാരന്‍ എന്നാണ് ഗീത  വിളിക്കുന്നത്. എന്നാല്‍ ജ്ഞാനേന്ദ്രിയങ്ങളെക്കൊണ്ട് കര്‍മ്മാചരിക്കുകയും  ചെയ്യുന്നവന്‍ വിശിഷ്‌ടനായി ഭവിക്കുന്നു. മന:ശുദ്ധി ലഭിക്കുന്നതിലൂടെ ജ്ഞാനവാനായി  തീരുന്നതിന് ഇത്തരം വിശേഷപ്രജ്ഞന് അവസരം ലഭിക്കുന്നു. നീ ധര്‍മത്തേയും  അധര്‍മത്തേയും സത്യത്തേയും, അസത്യത്തേയും ഉപേക്ഷിക്കുക. നീ എന്തുകൊണ്ട് അവയെ  ഉപേക്ഷിച്ചുവോ ഒടുക്കം അവയേയും ഉപേക്ഷിക്കുക
“ത്യജ ധര്‍മ്മധര്‍മം ച ഉഭേ  സത്യാനൃതേ ത്യജ
ഉഭേ സത്യാനൃതേ തൃക്ത്വാ യേന ത്യജസി തത്ത്യജ”
(തുടരും)
			


							









Discussion about this post