പത്തനംതിട്ട: ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികം ജില്ലയില്‍ വിപുലമായി ആഘോഷിക്കും. അടൂരില്‍ നവംബര്‍ 10 മുതല്‍ 12 വരെ നടക്കുന്ന ആഘോഷ പരിപാടികള്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യും. ചിറ്റയം ഗോപകുമാര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. പ്രഭാഷണം, ഡോക്യുമെന്ററി പ്രദര്‍ശനം, സെമിനാറുകള്‍, സാംസ്‌കാരിക പരിപാടികള്‍, എക്സിബിഷന്‍ എന്നിവ നടക്കും. ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, സാംസ്‌കാരികം, പുരാവസ്തു, പുരാരേഖ വകുപ്പുകള്‍ സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വിവിധ സാംസ്‌കാരിക സ്ഥാപനങ്ങള്‍, ഗ്രന്ഥശാലാ പ്രസ്ഥാനം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയിലെ സംഘാടന ചുമതല ജലവിഭവ വകുപ്പ് മന്ത്രിക്കാണ്.
പരിപാടിയുടെ പ്രചണാര്‍ഥം വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം, ചിത്രരചനാ മത്സരം എന്നിവ സംഘടിപ്പിക്കും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എല്ലാ താലൂക്കുകളിലും വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിളംബര ജാഥകള്‍ നവംബര്‍ ഒമ്പതിന് സംഘടിപ്പിക്കും. ജില്ലയിലെ എല്ലാ ബിആര്‍സികളിലും സമഗ്രശിക്ഷ അഭിയാന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ എട്ടിന് നവോഥാന സദസ്സുകള്‍ സംഘടിപ്പിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍, സാംസ്‌കാരിക സംഘടനകള്‍, വിദ്യാര്‍ഥി സംഘടനകള്‍, തൊഴിലാളി പ്രവര്‍ത്തകര്‍, സര്‍വീസ് സംഘടനകള്‍, ഗ്രന്ഥശാലകള്‍ എന്നിവരുടെ സഹകരണത്തോടെ വാര്‍ഷികാഘോഷത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പു വരുത്തും.
എക്സിബിഷനിലെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ ഫോട്ടോ ആല്‍ബം പ്രദര്‍ശന വേദിയില്‍ ചെറിയ തുക ഈടാക്കി ആവശ്യക്കാര്‍ക്ക് നല്‍കും. സുപ്രീം കോടതി വിധിയുടെ സംഗ്രഹം മലയാളത്തില്‍ തയാറാക്കി വിതരണം ചെയ്യും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സ്പോണ്‍സര്‍ ചെയ്യുന്ന സാംസ്‌കാരിക പരിപാടികള്‍ മൂന്ന് ദിവസവും ഉണ്ടാവും.
പരിപാടിയുടെ വിജയത്തിനായി ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭ അധ്യക്ഷ എന്നിവര്‍ രക്ഷാധികാരികളായും ജില്ലാ കളക്ടര്‍ ചെയര്‍മാനായും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറായും ജില്ലാതല സ്വാഗതസംഘം രൂപീകരിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാംസ്‌കാരിക നായകര്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍, തൊഴിലാളി പ്രവര്‍ത്തകര്‍, സര്‍വീസ് സംഘടനാ പ്രതിനിധികള്‍, ഗ്രന്ഥശാലാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ അംഗങ്ങളാണ്.
യോഗത്തില്‍ എഡിഎം പി.റ്റി.എബ്രഹാം, മുന്‍ എംഎല്‍എ കെ.സി.രാജഗോപാലന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ.ടി കെ ജി നായര്‍, കേരള ഷോപ്സ് ആന്റ് കോമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ കെ അനന്തഗോപാന്‍, ജലഅതോറ്റി ബോര്‍ഡ് അംഗം അലക്സ് കണ്ണമല, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി മണിലാല്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍.സോമസുന്ദരലാല്‍, അസിസ്റ്റന്റ് എഡിറ്റര്‍ പി.ആര്‍.സാബു, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി.ശ്രീഷ്, വിവിധ രാഷ് ട്രീയ കക്ഷി പ്രതിനിധികളായ അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, മുണ്ടയ്ക്കല്‍ ശ്രീകുമാര്‍, മലയാലപ്പുഴ മോഹനന്‍, കരിമ്പനാക്കുഴി ശശിധരന്‍ നായര്‍, ബി.ഷാഹുല്‍ ഹമീദ്, സര്‍വീസ് സംഘടനാ നേതാക്കളായ ഡി.സുഗതന്‍, സുരേഷ് കുഴുവേലി, എന്‍.അനില്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post