കണ്ണൂര്‍: ശബരിമല വിഷയത്തില്‍ അയ്യപ്പഭക്തരെ അടിച്ചമര്‍ത്തുന്ന കേരളസര്‍ക്കാരിനെ താഴെയിറക്കാനും മടിക്കില്ലെന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ മാരാര്‍ജി മന്ദിരം ഉദ്ഘാടനം ചെയ്ത് പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആയിരക്കണക്കിനു ഭക്തരെയാണ് രണ്ടുദിവസത്തിനകം സര്‍ക്കാര്‍ ജയിലിലടച്ചത്. ആരുടെ മുതലാണ് ഇവര്‍ നശിപ്പിച്ചതെന്ന് അമിത് ഷാ ചോദിച്ചു. ആയിരത്തിയഞ്ഞൂറോളം സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അയ്യപ്പഭക്തരെ അടിച്ചമര്‍ത്താന്‍ നോക്കുന്ന പിണറായി വിജയന്‍ ഇത്തരം നീക്കങ്ങളില്‍നിന്നു പിന്തിരിയണം. അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരേ ഈ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി
അയ്യപ്പഭക്തര്‍ക്കൊപ്പമുണ്ടാകും. ഭക്തരുടെ പ്രക്ഷോഭത്തിനു പിന്നില്‍ ഒരൊറ്റ ശിലപോലെ, ഒരു പര്‍വതം പോലെ ബിജെപിയുടെ ദേശീയശക്തി മുഴുവന്‍ അണിനിരക്കുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. കേരളത്തില്‍ അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. അയ്യപ്പഭക്തരായ അമ്മമാരും സഹോദരിമാരുമാണ് കോടതിവിധിക്കെതിരേ രംഗത്തെത്തിയത്. അവര്‍ക്കെതിരേയാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ സമീപനം സ്വീകരിക്കുന്നത്. അവരെ അടിച്ചമര്‍ത്താന്‍ കാണിക്കുന്ന ആവേശത്തിന്റെ നൂറിലൊരംശം പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കാണിച്ചിരുന്നെങ്കില്‍ സര്‍ക്കാര്‍ കടമ നിര്‍വഹിച്ചുവെന്നെങ്കിലും പറയാമായിരുന്നു. അതു ചെയ്യാന്‍ ശ്രമിക്കാത്ത പിണറായി സര്‍ക്കാരിന് ഒരു നിമിഷംപോലും ആ സ്ഥാനത്തു തുടരാനുള്ള അര്‍ഹതയില്ല.
ക്ഷേത്രങ്ങള്‍ക്കെതിരായി സംഘടിതമായ നീക്കമാണു സിപിഎം നടത്തുന്നത്- അദ്ദേഹം ആരോപിച്ചു. കോടതികള്‍ നടപ്പാക്കാന്‍ കഴിയുന്ന നിര്‍ദേശങ്ങള്‍ നല്കണം. അപ്രായോഗിക നിര്‍ദേശങ്ങള്‍ നല്കുന്നതില്‍നിന്നു കോടതികള്‍ ഇനിയെങ്കിലും പിന്മാറണം: അമിത്ഷാ പറഞ്ഞു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് അധ്യക്ഷത വഹിച്ചു.
Discussion about this post